വാഹനം കത്തിനശിച്ചു
1580044
Thursday, July 31, 2025 4:10 AM IST
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനു പോയ തീർഥാടകരുടെ വാഹനം കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. പാലക്കാടു നിന്നുമുള്ള അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. പമ്പ പാതയില്‍ അട്ടത്തോടിനും നിലയ്ക്കലിനും മധ്യേ പ്ലാന്തോടിനു സമീപം ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ആയിരുന്നു അപകടം.
ചെറിയ തീപ്പൊരി കണ്ടപ്പോള്‍ തന്നെ യാത്രക്കാര്‍ മുഴുവന്‍ പുറത്തിറങ്ങിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. തുടര്‍ന്ന് വാഹനത്തില്‍ തീ ആളിപ്പടരുകയായിരുന്നു.
റെനോ എന്ജോയ് ടാക്സി കാറാണ് പൂര്‍ണമായും കത്തിനശിച്ചത്. വിവരമറിഞ്ഞ് പമ്പ സ്റ്റേഷന് ഓഫീസര്‍ കെ. കലേഷ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും വാഹനം കത്തിയമര്‍ന്നിരുന്നു.
ദീര്‍ഘദൂരം ഓടിയതിനാല്‍ വാഹനം ചൂടായി തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യതയും തള്ളിക്കളയാകില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.