ശബരിമലയിൽ നിറപുത്തരി പൂജ നടന്നു
1580043
Thursday, July 31, 2025 4:10 AM IST
ശബരിമല: ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിറപുത്തരി പൂജകള്‍ നടന്നു. ഇന്നലെ പുലര്‍ച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു നിറപുത്തരി പൂജകള്‍. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്, മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് നെല്ക്കതിര് കറ്റകള്‍ കൊടിമരത്തിനു സമീപത്തു നിന്ന് കിഴക്കേ മണ്ഡപത്തിലേക്ക് എത്തിച്ചു.
പ്രത്യേക പൂജകള്‍ക്ക് ശേഷം ശ്രീകോവിലിന് ഉള്ളിലേക്ക് ആനയിച്ചു, തുടര്‍ന്നാണ് നിറപുത്തരി പൂജകള്‍ നടന്നത്. പൂജകള്‍ക്ക് ശേഷം നെൽക്കതിരുകള്‍ ശ്രീകോവിലില്‍ ചാര്‍ത്തി. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും നെല്‍ക്കതിരുകള്‍ പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്തു.
പൂജകള്‍ കണ്ടു തൊഴാനും പ്രസാദം സ്വീകരിക്കാനുമായി നൂറുകണക്കിന് ഭക്തരാണ് രാവിലെ മുതല്‍ കാത്തുനിന്നത്. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10 ന് നട അടച്ചു.