രണ്ട് വിദ്യാർഥികൾക്കടക്കം നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു
1580038
Thursday, July 31, 2025 4:10 AM IST
നായയെ കൊല്ലാനുള്ള ശ്രമം മൃഗസ്നേഹി തടഞ്ഞു
വെച്ചൂച്ചിറ: വെച്ചൂച്ചിറ ടൗൺ പ്രദേശത്തും തെരുവുനായ രണ്ട് വിദ്യാർഥികളടക്കം നാലുപേരെ കടിച്ചു. ഇന്നലെ വൈകുന്നേരം വെച്ചൂച്ചിറ ചന്തയ്ക്കു സമീപം ട്യൂഷൻ സെന്ററിനു മുന്പിൽ ബസ് കാത്തു നിന്ന പത്താംക്ലാസ് വിദ്യാർഥിയെയാണ് തെരുവുനായ ആദ്യം കടിച്ചത്.
മുന്നോട്ടോടിയ നായ മറ്റൊരു വിദ്യാർഥിനിയെ കടിച്ചു. ആക്രമണമകാരിയായി വരുന്ന നായയെ ഇടിച്ചു കൊല്ലാൻ ഇതിനിടെ പിക്കപ്പ് വാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും സ്ഥലത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ഇതു തടഞ്ഞു. ഇതിനിടെ മുന്നോട്ടോടിയ നായ രണ്ടുപേരെ കൂടി കടിച്ചു.
നായയുടെ കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നായയ്ക്കു പേവിഷ ബാധ സംശയിക്കുന്നതിനാൽ കടിയേറ്റവർ വാക്സീനേഷൻ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു.
വെച്ചൂച്ചിറ കവല ഭാഗത്തും മാർക്കറ്റിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വെച്ചൂച്ചിറയിൽ നിന്ന് നാറാണംമൂഴി പഞ്ചായത്തിലേക്ക് വരുന്ന വഴി മടന്തമൺ ജംഗ്ഷനിൽ നടുറോഡിലും വെയ്റ്റിംഗ് ഷെഡിലുമായി തമ്പടിച്ചിരിക്കുന്ന നായ്ക്കൾ വഴിയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഒരേപോലെ ഭീഷണിയാണ്.
മടന്തമണ്ണിൽ ബസിറങ്ങി വീട്ടുകളിലേക്കു കുട്ടികൾ നടന്നു പോകുന്ന റോഡിലാണ് തെരുവുനായ്ക്കൾ താവളം ഉറപ്പിച്ചിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരെയും നായ്ക്കൾ ആക്രമിക്കാറുണ്ട്.