സ്കൂളുകളിൽ 50 ഇനം വിവരങ്ങൾ തേടി സുരക്ഷാഓഡിറ്റിംഗ്
1580037
Thursday, July 31, 2025 4:10 AM IST
പരിശോധന വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിൽ
പത്തനംതിട്ട: സ്കൂളുകളിൽ നിശ്ചിത സമയ പരിധിയിൽ തിരക്കിട്ട സുരക്ഷ ഓഡിറ്റിംഗ്. ആദ്യഘട്ടം ഇന്ന് അവസാനിക്കുമെന്നിരിക്കേ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിവരികയാണ്. 50 ഇനം വിവരങ്ങളാണ് സ്കൂൾ അധികൃതരിൽനിന്നു തേടിയിരിക്കുന്നത്. പ്രഥമാധ്യാപകർ ചോദ്യാവലി പൂരിപ്പിച്ചു നൽകണം.
പ്രധാന ചോദ്യങ്ങൾസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ കെട്ടിടങ്ങളുടെ സുരക്ഷ, സമീപ പുരയിടങ്ങളിലെ കാട്, മരങ്ങൾ, വൈദ്യുത കന്പികളുടെ സ്ഥാനം, സുരക്ഷാ മതിൽ തുടങ്ങി പാന്പുകൾക്ക് മാളങ്ങളുണ്ടോയെന്നതുവരെ ചോദ്യങ്ങളുണ്ട്. പരിശോധനയ്ക്കു വരുന്ന ഉദ്യോഗസ്ഥന് സ്കൂൾ പരിസരത്തെ മറ്റ് എന്തെങ്കിലും കുട്ടികൾക്കു ഭീഷണിയാണെന്നു തോന്നിയാൽ അതും മാറ്റണം.
വിദ്യാഭ്യാസ ഓഫീസർമാർക്കു പിന്നാലെ വിവിധ വകുപ്പുദ്യോഗസ്ഥരുടെ പരിശോധന വരുന്നുണ്ട്. ഇതിൽ തദ്ദേശസ്ഥാപനം, വൈദ്യുതി, പോലീസ്, മോട്ടോർ വാഹനവകുപ്പ്, എക്സൈസ്, ആരോഗ്യ തുടങ്ങിയവരുണ്ട്. ഇവരെല്ലാം ചേർന്നു പരിശോധന നടത്തുകയും സ്കൂൾ സുരക്ഷാ രജിസ്റ്ററിൽ ഒപ്പുവയ്ക്കുകയും വേണം. പിന്നീട് ജില്ലാതല ഉദ്യോഗസ്ഥരടങ്ങുന്ന ടീമിന്റെ പരിശോധനയും ഉണ്ടാകും.
പ്രത്യേക സംഘങ്ങളെ ഓരോ സ്കൂളിലേക്കും നിയോഗിച്ചിരിക്കുകയാണ്. സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി പുതിയ രജിസ്റ്റർ തുറന്നു. ഇതിൽ ഓരോ ദിവസവും ഓരോ അധ്യാപകൻ സുരക്ഷാ ചുമതല വഹിച്ച് ഒപ്പുവയ്ക്കണം. കുട്ടി സ്കൂൾ പരിസരത്ത് മറിഞ്ഞുവീണാൽപോലും അധ്യാപകൻ മറുപടി പറയേണ്ടി വന്നേക്കാം.
തേവലക്കരയിൽ സ്കൂൾ മുറ്റത്തുണ്ടായ അപകടത്തെത്തുടർന്നാണ് സുരക്ഷ ഓഡിറ്റിംഗ് പ്രഖ്യാപിച്ചത്. അധ്യയന വർഷം ആരംഭിക്കുന്നിനോടനുബന്ധിച്ച് ഫിറ്റ്നസ് വാങ്ങിയ എല്ലാ കെട്ടിടങ്ങളും വീണ്ടും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപന എൻജിനിയർമാർക്കും നിർദേശമുണ്ട്.
നായ്ക്കൾ ഞങ്ങളുടെ സിസ്റ്റത്തിന്റെ ഭാഗമല്ല സാർ
സുരക്ഷാപരിശോധനയുടെ ഭാഗമായി ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും വിവരങ്ങൾ തേടുന്ന ഉദ്യോഗസ്ഥ സംഘത്തിനു മുന്നിൽ തെരുവുനായ ശല്യത്തിന്റെ പരാതി പലേടത്തും സ്കൂൾ അധികൃതർ ഉന്നയിച്ചു.
എന്നാൽ, നായ്ക്കൾ തങ്ങളുടെ സുരക്ഷാ പരിധിയിൽ വരില്ലെന്നാണ് മറുപടി. വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ചോദ്യാവലിയിലും നായ ശല്യം നേരിടുന്നുണ്ടോയെന്ന ചോദ്യമില്ല. ജില്ലയിൽ ഒട്ടുമിക്ക സ്കൂളുകളുടെയും പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യമുണ്ട്.
കുട്ടികൾ വരുന്ന വഴിയിലും ഇവയുണ്ട്. ഇവയുടെ ശല്യം ഒഴിവാക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനമാണെന്നാണ് വായ്പെങ്കിലും നടപടികളില്ല. നിരവധി കുട്ടികൾക്കു സ്കൂൾ പരിസരത്ത് നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്.
ബസ് കാത്തുനിന്ന വിദ്യാർഥിയെ നായ ആക്രമിച്ചതിനെത്തുടർന്നു പേ വിഷബാധയേറ്റ് മരിച്ച സംഭവവും സമീപകാലത്ത് പത്തനംതിട്ട നാരങ്ങാനത്തുണ്ടായി. പക്ഷേ, സുരക്ഷാ ഓഡിറ്റിംഗിൽ നായ്ക്കൾക്കു ഇടമില്ല.