കന്യാസ്ത്രീമാരുടെ അറസ്റ്റ്: തിരുവല്ലയിൽ പ്രതിഷേധം ഇരന്പി
1580387
Friday, August 1, 2025 3:35 AM IST
തിരുവല്ല: ഛത്തീസ്ഗഡിൽ മലയാളി സന്യാസിനിമാരെ വ്യാജകുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ നേതൃത്വത്തിൽ ഉപവാസ പ്രാർഥനായഞ്ജം നടത്തി. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തു നടന്ന സമ്മേളനത്തിൽ തിരുവല്ല അതിഭദ്രാസന അധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മാർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്തു.
സാധാരണക്കാർക്കു വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും നൽകി സ്നേഹം എന്ന മതമാണ് രാജ്യത്തു മിഷനറിമാർ പ്രചരിപ്പിക്കുന്നതെന്നും നിർബന്ധപൂർവം ആരെയും മതപരിവർത്തനം നടത്തിയിട്ടില്ലെന്നും സഫ്രഗൻ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറാൾ ഫാ. ഐസക് പറപ്പള്ളിൽ, യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത,
സിഎസ്ഐ സഭ മധ്യകേരള മഹാ ഇടവക മുൻ അധ്യക്ഷൻ ബിഷപ് തോമസ് സാമുവേൽ, ക്നാനായ കത്തോലിക്ക കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രം, മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാർത്തോമ്മ സഭ വൈദിക ട്രസ്റ്റി റവ. എബി മാമ്മൻ, അല്മായ ട്രസ്റ്റി അൻസിൽ കോമാട്ട് , മാത്യു ടി.തോമസ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു. വൈകുന്നേരം അഞ്ചുവരെ ഉപവാസ യജ്ഞം തുടർന്നു.
ഉപവാസ യജ്ഞത്തിനു സമാപനം കുറിച്ച് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു നടന്ന മൗന ജാഥയിൽ വിവിധ സഭകളിലെ അനേകം വൈദികരും സന്യാസിനികളും നൂറുകണക്കിന് വിശ്വാസികളും വിവിധ ഭക്ത സംഘടനകളുടെ പ്രതിനിധീകരിച്ചുള്ള സംഘടന ഭാരവാഹികളും പങ്കെടുത്തു. വായ് മൂടിക്കെട്ടി, കൈകൾ ചങ്ങല ഉപയോഗിച്ചു ബന്ധിച്ചാണ് വൈദികരും സന്യാസിനികളും വിശ്വാസികളും ജാഥയിൽ പങ്കെടുത്തത്.
പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഓപ്പൺ സ്റ്റേജിലെ സമാപന യോഗത്തിൽ ബിഷപ് ഡോ. ഏബ്രഹാം മാർ യൂലിയോസ്, ചാണ്ടി ഉമ്മൻ എംൽഎ, മുൻ എംഎൽഎ ജോസഫ് എം. പുതുശേരി, വർഗീസ് മാമ്മൻ, വൈദിക ഉപദേഷ്ടാവ് ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, എംസിവൈഎം ഡയറക്ടർ ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, എംസിഎംഎഫ് ഡയറക്ടർ ഫാ. ഫിലിപ്പ് തായില്യം, എംസിസി എൽ ഡയറക്ടർ ഫാ. സന്തോഷ് അഴകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.