മുഖ്യമന്ത്രി എത്തിയാൽ തുറക്കാം; ആസൂത്രണസമിതി മന്ദിരം റെഡി
1580399
Friday, August 1, 2025 4:02 AM IST
പത്തനംതിട്ട: കാത്തിരിപ്പിനൊടുവിൽ ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് ഉദ്ഘാടനത്തിനു തയാർ. മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് താത്പര്യം. മുഖ്യമന്ത്രിയുടെ തീയതി ലഭിച്ചാൽ മന്ദിരം തുറക്കാൻ സജ്ജമാണെന്ന് അധികൃതർ പറയുന്നു. അവസാനഘട്ട മിനുക്കു പണികളാണ് ഇനി അവശേഷിക്കുന്നത്. ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും.
2010 - 15 ജില്ലാ പഞ്ചായത്ത് ഭരണസമിതിയാണ് ജില്ലാ ആസൂത്രണസമിതി മന്ദിരം പണിയാൻ തീരുമാനിച്ചത്. കളക്ടറേറ്റ് വളപ്പിൽ തന്നെ ഇതിനു സ്ഥലം കണ്ടെത്തി. 2014ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് തറക്കല്ലിടീൽ നിർവഹിച്ചത്. തുടർന്നുവന്ന ഭരണസമിതിയുടെ കാലയളവിൽ നിർമാണം ആരംഭിച്ചെങ്കിലും പണികളിൽ മെല്ലെപ്പോക്കായിരുന്നു.
ജില്ലാ പ്ലാനിംഗ് ഓഫീസ്, ടൗൺ പ്ലാനിംഗ് ഓഫീസ്, ജില്ലാ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്, കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള സംവിധാനമാണ് പുതിയ മന്ദിരത്തിലുണ്ടാകുക.
വിശാലമായ സൗകര്യങ്ങൾ ഓഫീസിലുണ്ടാകും. വർഷങ്ങളായി കളക്ടറേറ്റിലാണ് ജില്ലാ പ്ലാനിംഗ് ഓഫീസ് പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ പ്ലാനിംഗ് ഓഫീസിന്റെ പ്രസക്തി വർധിച്ചതോടെയാണ് സ്വന്തമായി മന്ദിരം നിർമിക്കാൻ തീരുമാനിച്ചത്.
മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുവരുന്ന ഇക്കണോമിസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കൂടി ഇവിടേക്ക് മാറ്റും.
നിലവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതിനു മുന്പായി ഉദ്ഘാടനം നടത്തണമെന്നാണ് താത്പര്യം. ഇതിനായുള്ള ശ്രമം ആസൂത്രണസമിതി ചെയർപേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.