നഴ്സിംഗ് കോളജിൽ ഐഎൻസി പരിശോധന; മാനദണ്ഡങ്ങൾ പാലിക്കാനായില്ല
1580651
Saturday, August 2, 2025 3:52 AM IST
ഇക്കുറിയും അംഗീകാരം തുലാസിൽ
പത്തനംതിട്ട: പത്തനംതിട്ടയിലെ സർക്കാർ നഴ്സിംഗ് കോളജിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ പരിശോധന. നഴ്സിംഗ് കോളജിന് അംഗീകാരം നൽകുന്നതു സംബന്ധിച്ച പരിശോധനയാണ് ഇന്നലെ നടന്നത്. എന്നാൽ, ഐഎൻസി മാർഗനിർദേശ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ വന്നതോടെ ഇക്കുറിയും അംഗീകാരം ലഭിക്കാനിടയില്ല. 2022ലാണ് പത്തനംതിട്ടയിൽ സർക്കാർ നഴ്സിംഗ് കോളജ് തുടങ്ങിയത്.
രണ്ടു വർഷവും കുട്ടികൾക്കു പ്രവേശനം നൽകി. നിലവിൽ 118 കുട്ടികൾ ബിഎസ്സി നഴ്സിംഗ് പഠനം നടത്തുന്നുണ്ട്. കേരള ആരോഗ്യ സർവകലാശാലയുടെ താത്കാലിക അനുമതിയിലാണ് പഠനം. കുട്ടികളുടെ പരീക്ഷ നടത്തുന്നുണ്ടെങ്കിലും ഐഎൻസി അംഗീകാരമില്ലാത്തതിനാൽ ഫലം പുറത്തുവിടാൻ സർവകലാശാലയ്ക്കു കഴിയില്ല.
മെറിറ്റ് സീറ്റിൽ വന്നവർ
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് പത്തനംതിട്ട നഴ്സിംഗ് കോളജിൽ പഠിക്കുന്നത്. ഉയർന്ന മാർക്ക് വാങ്ങി മെറിറ്റ് സീറ്റിൽപ്രവേശനം നേടിയവരാണ് എല്ലാവരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുട്ടികളുമുണ്ട്. മൂന്നാമത്തെ ബാച്ചിന്റെ പ്രവേശന നടപടികളും നടന്നുവരുന്നു. 60 കുട്ടികൾ കൂടിയാണ് പുതിയ ബാച്ചിലെത്തുന്നത്.
പത്തനംതിട്ട നഗരത്തിൽ കാതോലിക്കേറ്റ് കോളജ് ജംഗ്ഷനിൽ കൈപ്പട്ടൂർ റോഡരികിലുള്ള വാടക ക്കെട്ടിടത്തിലാണ് നഴ്സിംഗ് കോളജ് എന്ന ബോർഡും വച്ച് രണ്ടു വർഷമായി പ്രവർത്തിക്കുന്നത്. ഓഫീസ് പ്രവർത്തനത്തിനു മറ്റൊരു മുറി കൂടി വാടകയ്ക്ക് എടുത്തിട്ടുണ്ട്.
ഹോസ്റ്റൽ, കാന്റീൻ, ലൈബ്രറി, വൈഫൈ, ഓഡിറ്റോറിയം എന്നിവയെല്ലാം വാഗ്ദാനം നൽകിയാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. വേണ്ടത്ര അധ്യാപകർ പോലും ഇല്ല. പരാതിപറഞ്ഞാൽ വിദ്യാർഥികളെ ഇന്റേണൽ മാർക്ക് തരില്ലെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും രക്ഷിതാക്കൾ പറയുന്നു. ഇതിനോടകം നിരവധി സമരങ്ങൾ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സമരം നടത്തി.
ഒടുവിൽ ദാ, ബസ് വന്നു
പത്തനംതിട്ട: കുട്ടികളുടെയുടെ രക്ഷിതാക്കളുടെയും ആവശ്യങ്ങൾക്കൊടുവിൽ നഴ്സിംഗ് കോളജിന് ബസ് ലഭിച്ചു. ബസ് നൽകുമെന്ന് സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യമന്ത്രി വീണാ ജോർജ് ഒരു വർഷം മുന്പാണ് രക്ഷിതാക്കൾക്ക് ഉറപ്പു നൽകിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ബസ് എത്തിയത്.
കോളജിൽ പാർക്ക് ചെയ്യാൻ സൗകര്യം ഇല്ലാത്തതിനാൽ ബസ് നഴ്സിംഗ് കോളജിനു മുന്നിൽ റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയാണ്. രജിസ്ട്രഷൻ നടപടികൾകൂടി പൂർത്തികരിച്ചു പുറത്തി റക്കും. ബസ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനെതുടർന്ന് നഴ്സിംഗ് വിദ്യാർഥികൾ സമരം നടത്തിയിരുന്നു. 2023ൽ മാക്കാംകുന്നിലെ വാടകക്കെട്ടിടത്തിൽ തുടങ്ങിയ കോളജിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ല.
കോന്നി മെഡിക്കൽ കോളജിലേക്കാണ് പത്തനംതിട്ടയിലെ വിദ്യാർഥികൾ ക്ലാസുകൾക്കായി പോകുന്നത്. ഇവിടെയെത്താൻ യാത്രാസൗകര്യങ്ങൾ ഇല്ലാതെ വിദ്യാർഥികൾ വിഷമിക്കുകയായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല . ഒടുവിലാണ് ഉപരോധ സമരം ഉൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിച്ചത് . കഴിഞ്ഞ മാസം കളക്ടർക്കും വിദ്യാർഥികൾ നിവേദനം നൽകിയിരുന്നു.
മാനദണ്ഡങ്ങൾ ഇങ്ങനെ
രണ്ടര ഏക്കർ സ്ഥലത്ത് നഴ്സിംഗ് കോളജിനു കാന്പസുണ്ടാകണമെന്നാണ് ഐഎൻസിയുടെ വ്യവസ്ഥ. 23,200 ചതുരശ്ര അടിയിൽ ബിൽഡപ് ഏരിയ, ലാബ്, കമ്യൂണിറ്റി ഹെൽത്ത് ന്യൂട്രീഷ്യൻ ലാബ്, ചൈൽഡ് ഹെൽത്ത് ലാബ്, ക്ലിനിക്കൽ ഹെൽത്ത് ലാബ്, കംപ്യൂട്ടർ ലാബ്, കോമൺ റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ വേണം. 21,100 ചതുരശ്ര അടി ഹോസ്റ്റൽ സൗകര്യവും ഉറപ്പാക്കണം.
മതിയായ പ്രവൃത്തിപരിചയമുള്ള പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഒരു പ്രഫസർ, രണ്ട് അസോസിയേറ്റ് പ്രഫസർമാർ, മൂന്ന് അസിസ്റ്റന്റ് പ്രഫസർമാർ, 10 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിൽ അധ്യാപകർ എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ.