തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന നാളെ മുതല്‍
1580045
Thursday, July 31, 2025 4:10 AM IST
പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് (എഫ്എല്‍സി) നാളെ മുതല്‍ 20 വരെ ഇലക്ഷന് വെയര്‍ ഹൗസിനു സമീപമുള്ള ഹാളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്എല്‍സി പ്രവര്‍ത്തനം വളരെ കൃത്യതയോടും കാര്യക്ഷതയോടും ഏറ്റെടുക്കേണ്ട ഒന്നാണെന്നും വോട്ടിംഗ് മെഷീനുകളുടെ സാങ്കേതികവും ഭൗതികവുമായ പരിശോധനയാണ് നടത്തുന്നതെന്നും കളക്ടർ പറഞ്ഞു.
ജില്ലാ ഇലക്ഷന് ഓഫീസറുടെ ചുമതലയില്‍ നടക്കുന്ന എഫ്എല്‍സി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ചാര്‍ജ് ഓഫീസറായി കോന്നി ഭൂരേഖ തഹസില്‍ദാര്‍ പി. സുദീപിനെ നിയോഗിച്ചു.
ഹൈദരാബാദ് ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിലെ എൻജിനിയര്‍മാരും എഫ്എല്‍സി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടപടികളെന്നും കളക്ടർ അറിയിച്ചു. എഫ്എല്‍സി ഹാളിലേക്കുള്ള പ്രവേശനം മെറ്റല്‍ ഡിറ്റക്ടര്‍ വഴി ആയിരിക്കും.
തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ്, മാസ്റ്റര്‍ ട്രെയിനര്‍മാരായ രജീഷ് ആർ. നാഥ്, വി. ഷാജു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.