പെരുനാട് ബഥനി ആശ്രമത്തിൽ ഓർമപ്പെരുന്നാൾ
1579890
Wednesday, July 30, 2025 4:12 AM IST
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയുടെ റാന്നി പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന അലക്സിയോസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ അത്താനാസിയോസ്, പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തമാരുടെ സംയുക്ത ഓർമപ്പെരുന്നാളും ബഥനി തീർഥാടന പദയാത്രയും നാളെ മുതൽ ഓഗസ്റ്റ് ആറുവരെ വിവിധ പരിപാടികളോടെ നടക്കും.
നാളെ വൈകുന്നേരം 5.30ന് തീർഥാടകർക്ക് സ്വീകരണം, ആറിന് തീർഥാടനവാര ഉദ്ഘാടനം, ഓഗസ്റ്റ് ഒന്നിനു രാവിലെ 7.15ന് ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. 9.30ന് മർത്തമറിയം സമാജം സംഗമം, മൂന്നിനു രാവിലെ 7.15ന് കുർബാന, ഉച്ചകഴിഞ്ഞ് രണ്ടിന് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ, അടൂർ- കടമ്പനാട്, നിലയ്ക്കൽ ഭദ്രാസനം റീജണൽ നേതൃസംഗമം. ഫൈസൽ ചീരൻ ക്ലാസ് നയിക്കും.
അഞ്ചിനു രാവിെ ല 7.15ന് കുർബാന, 4.30ന് ഛായാചിത്ര ഘോഷയാത്രയ്ക്ക് സ്വീകരണം. വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ. എബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്ത, ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, പ്രമോദ് നാരായൺ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, രാജു ഏബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും.
ആറിനു രാവിലെ എട്ടിന് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച കുർബാനയ്ക്ക് കാതോലിക്ക ബാവ പ്രധാന കാർമികനാകും. ആശ്രമം സുപ്പീരിയർ തോമസ് റന്പാൻ ഒഐസി, ഫാ. മത്തായി ഒഐസി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.