പൊതുവഴിയെന്നു കണ്ടെത്തിയാൽ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
1579708
Tuesday, July 29, 2025 7:26 AM IST
പത്തനംതിട്ട: രോഗികളായ ദമ്പതികളുടെ വീട്ടിലേക്കുള്ള ഏക നടവഴി തടസപ്പെടുത്തിയെന്ന പരാതി ആർഡിഒ പരിശോധിച്ച് പൊതുവഴിയാണെന്ന് കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. മല്ലശേരി വലഞ്ചുഴി സ്വദേശിനി ശ്യാമളകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
പ്രമാടം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 80 മീറ്റർ നീളവും നാലടി വീതിയുമുള്ള വഴി തർക്കത്തിലാണെന്നും വഴിയിൽ മതിലോ മറ്റു നിർമാണപ്രവർത്തനങ്ങളോ നടത്താൻ എതിർകക്ഷി ശ്രമിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാർ ആരോഗ്യപരമായി മോശം അവസ്ഥയിലാണെന്നും ചൂണ്ടാക്കാട്ടിയിട്ടുണ്ട്. വഴി തടസപ്പെടുത്തിയെന്ന പരാതി അടൂർ ആർഡിഒയ്ക്ക് നൽകാൻ കമ്മീഷൻ പരാതിക്കാർക്ക് നിർദേശം നൽകി.