ഇലക്ട്രിക് ട്രോളി നിർമിച്ച് വിദ്യാർഥികൾ
1579888
Wednesday, July 30, 2025 4:11 AM IST
മല്ലപ്പള്ളി: അന്തരീക്ഷ മലിനീകരണം ഇല്ലാതെ ഏതുസാഹചര്യത്തിലും ഉപയോഗിക്കാവുന്ന ഇലക്ട്രിക് ട്രോളി ശ്രദ്ധേയമാകുന്നു. മല്ലപ്പള്ളി സെൻട്രൽ എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ കെജിസിഇ എൻജിനിയറിംഗ് അവസാന വർഷ വിദ്യാർഥികളാണ് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇലക്ട്രിക് ട്രോളി നിർമിച്ചത്.
നിർമാണ മേഖലകൾക്കും കൃഷി ആവശ്യങ്ങൾക്കും ഉൾപ്പെടെ ഉപയോഗിക്കാനാവുന്ന ട്രോളിക്ക് 200 കിലോ ഭാരം വഹിക്കാനും നിശ്ചയിച്ച സ്ഥലത്ത് ഇറക്കാനുമാകും. ഏതുതരം റോഡിലും കയറ്റത്തിലും ഉപയോഗിക്കാനാകുമെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഓട്ടോമൊബൈൽ വിഭാഗം അധ്യാപകരായ രവികുമാർ, സി.ഡി. വർഗീസ്, സോണി ഐസക്ക്, വിനു ഗോപാൽ എന്നിവരുടെ മേൽനോട്ടത്തിൽ നിർമിച്ച ട്രോളിക്ക് 32,000 രൂപയാണ് നിർമാണച്ചെലവ്.