ഓൺലൈൻ പണം തട്ടിപ്പുകൾ തടയാൻ ബാങ്കുകളുടെ പിന്തുണ തേടും: ജില്ലാ പോലീസ് മേധാവി
1580388
Friday, August 1, 2025 3:35 AM IST
പത്തനംതിട്ട: ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ തടയാൻ ബാങ്ക് അധികൃതരുടെ സഹായത്തോടെ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്. എല്ലാ പ്രായക്കാരും ഇത്തരം സൈബർ തട്ടിപ്പുകളിൽ ഉൾപ്പെടുന്നുണ്ട്. ബോധവത്കരണത്തോടൊപ്പം തട്ടിപ്പുകൾ തടയാൻ ആവശ്യമായ നടപടികൾ ബാങ്കുകളുമായി ബന്ധപ്പെട്ടും ഏർപ്പെടുത്തുമെന്ന് എസ്പി പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾക്കായിരിക്കും ജില്ലയിൽ പ്രാധാന്യം നൽകുകയെന്നും അദ്ദേഹം അറിയിച്ചു. പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കുട്ടികൾ ഉൾപ്പെട്ട ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവ തടയാൻ നടപടി ഉണ്ടാകും. ലഹരിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.
പോക്സോ കുറ്റകൃത്യങ്ങൾ ജില്ലയിൽ വർധിച്ചുവരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നീതിയുക്തമായ അന്വേഷണം ഉറപ്പാക്കുകയാണ് ഇക്കാര്യത്തിൽ ചെയ്യുകയെന്നും ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.