നടപടി സ്വീകരിക്കണം
1579892
Wednesday, July 30, 2025 4:12 AM IST
മല്ലപ്പള്ളി: പന്നിശല്യം അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കുന്നന്താനം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുന്നന്താനം പഞ്ചായത്തിന്റെ ഭൂരിപക്ഷം വാർഡുകളിലും പന്നികൾ കൂട്ടത്തോടെ ഇറങ്ങി കർഷകരുടെ കപ്പ, വാഴ, മറ്റ് കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ്. കർഷകർ കൃഷി ഉപേക്ഷിച്ച് കൃഷിസ്ഥലം തരിശിടുന്ന സാഹചര്യം ഉണ്ടായിത്തുടങ്ങി.
കൃഷിനാശം നേരിടുന്ന കർഷകർ പഞ്ചായത്തിലും കൃഷിഭവനിലും പല പ്രാവശ്യം പരാതിപ്പെട്ടിട്ടും പന്നികളെ വെടിവച്ച് കൊല്ലാൻ നിയമം ഉണ്ടായിട്ടും കുന്നന്താനം പഞ്ചായത്ത് അനങ്ങാപ്പാറ സമീപനം സ്വീകരിക്കുന്നതായും ഇതിനെതിരേ കർഷകരെ അണിനിരത്തി ശക്തമായ സമരപരിപാടികൾ ആരംഭിക്കാനും കുന്നന്താനം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ മാലതി സുരേന്ദ്രൻ, രാമചന്ദ്രൻ നായർ കാലായിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബാബു കുറുമ്പേശ്വരം, ഗ്രേസി മാത്യു, രാധാമണിയമ്മ എന്നിവർ പ്രസംഗിച്ചു.