കുന്നിടിഞ്ഞു, മരങ്ങൾ കടപുഴി, വീട് താമസയോഗ്യമല്ലാതായി
1579712
Tuesday, July 29, 2025 7:26 AM IST
മല്ലപ്പള്ളി: വീടിനു പിന്നിലുണ്ടായിരുന്ന കുന്നിലെ മരങ്ങൾ കടപുഴകി കുന്നിടിഞ്ഞ് അപ്പാടെ വീടിലേക്കു പതിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് പുറമറ്റം ആറാം വാർഡിൽ വെണ്ണിക്കുളം മുതുപാല ഉള്ളിരിക്കൽ കുരുവിള ഏബ്രഹാമും കുടുംബവും. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലുമാണ് മരങ്ങൾ കടപുഴകി കുന്നിടിഞ്ഞത്. ചെങ്കല്ലും മണ്ണുമായിനിന്നിരുന്ന കുന്നും തെങ്ങ് ഉൾപ്പെടെയുള്ള മരങ്ങളും ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു.
വലിയ ചെങ്കൽ കൂട്ടങ്ങളും മരങ്ങളുമെല്ലാം വീടിന്റെ പിന്നിലെ ഭിത്തിയിൽ തടഞ്ഞിരിക്കുന്ന അവസ്ഥയാണിപ്പോൾ. മഴയിൽ ഭിത്തിയിലെ കതകും ജനാലകളുംവഴി വെള്ളം വീടിനകത്തേക്കു കയറിക്കൊണ്ടിരിക്കുകയാണ്. അടുക്കളയിലെ ഭിത്തി തുരന്നുണ്ടാക്കിയ ദ്വാരം വഴിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി എക്സ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്തംഗം ലാലു തോമസ്, തോമസ് തമ്പി എന്നിവർ സ്ഥലം സന്ദശിച്ചു. മണ്ണു നീക്കുന്നതിനും വീടിനു സംരക്ഷണം നൽകുന്നതിനും അടിയന്തര നടപടി ഉണ്ടാകണമെന്ന് ജോസഫ് എം. പുതുശേരി റവന്യു അധികൃതരോട് ആവശ്യപ്പെട്ടു.