വിവാദങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമമെന്ന് കെപിഎസ്ടിഎ
1580390
Friday, August 1, 2025 3:35 AM IST
പത്തനംതിട്ട: ഒന്നിനു പിറകെ ഒന്നായി വിവാദ പ്രസ്താവനകളുമായി വിദ്യാഭ്യാസ മന്ത്രി മുന്നോട്ടു പോകുമ്പോൾ തകരുന്നത് കേരളത്തിലെ മാതൃകാ വിദ്യാഭ്യാസ പദ്ധതിയാണെന്ന് കെപിഎസ്ടിഎ. പതിറ്റാണ്ടുകളായി നിലനിന്നു വരുന്ന മുഴുവൻ കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ട് യാതൊരു മുന്നൊരുക്കവുമില്ലാതെ മന്ത്രിക്ക് മനസിൽ തോന്നുന്നതു വിളിച്ചു പറയുന്ന ശൈലി ജനാധിപത്യ കേരളത്തിന് ഭൂഷണമല്ലെന്ന് കെപിഎസ്ടിഎ ജില്ലാ സമിതി കുറ്റപ്പെടുത്തി.
കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്ത് രൂപപ്പെടുത്തിയ അക്കാദമിക് കലണ്ടർ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം ചെറുക്കപ്പെടേണ്ടതാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ മഴയായതിനാൽ അവധി നൽകുകയും ഏപ്രിൽ, മേയ് മാസങ്ങൾ പ്രവൃത്തി ദിനങ്ങളും ആക്കാമെന്ന മന്ത്രിയുടെ പ്രസ്താവന ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്നതു പോലെ ശുദ്ധ വിഡ്ഢിത്തരമാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ മധ്യവേനൽ അവധിക്കാലത്ത് വിദ്യാർഥികളുടെ സർഗവാസനകളെ പോഷിപ്പിക്കുന്ന ക്യാമ്പുകൾ അടക്കം യാതൊരു പ്രവർത്തനങ്ങളും നടത്തരുതെന്ന ഉത്തരവിറക്കിയിട്ടുള്ള കാര്യം മന്ത്രി വിസ്മരിക്കരുത്.
ബാലാവകാശ കമ്മീഷനും ഇതേ തരത്തിൽ ഉത്തരവിറക്കിയിട്ടുള്ളതാണ് സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഉത്തരവുകളെ മാറ്റിമറിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന മന്ത്രി, മുന്നൊരുക്കങ്ങളില്ലാതെ, ഏകപക്ഷീയമായി പ്രഖ്യാപിച്ച 220 ദിന അക്കാദമിക് കലണ്ടറിൽ കോടതിയിൽ പോയി പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണെന്നും കെപിഎസ്ടിഎ ചൂണ്ടിക്കാട്ടി.
പൊതു വിദ്യാഭ്യാസത്തിന്റെ നന്മയെ കരുതി വിവാദ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് മന്ത്രി പിന്തിരിയണമെന്നും യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ തയാറാകണമെന്നും ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി കിഷോർ എന്നിവർ ആവശ്യപ്പെട്ടു.