വിരമിച്ചാലും കാടിന്റെ മക്കളെ ശുശ്രൂഷിക്കാൻ സന്നദ്ധനായി മക്കാ ഡോക്ടർ
1580046
Thursday, July 31, 2025 4:10 AM IST
സീതത്തോട്: കാടിന്റെ സ്വന്തം ഡോക്ടർക്ക് ഇന്ന് പടിയിറക്കം. വനവാസികളുടെ മക്കാ ഡോക്ടർ എന്ന് അറിയപ്പെടുന്ന സീതത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ. വിന്‍സന്റ് സേവ്യറിന്റെ സേവനം ഇന്ന് അവസാനിക്കുകയാണ്. 22 വർഷം കിഴക്കൻ മലയോര മേഖലയിൽ ആദിവാസികളുടേതടക്കം സ്വന്തം ഡോക്ടറായി സേവനം ചെയ്ത ഡോ. വിൻസന്റ് ആതുരശുശ്രൂഷാ രംഗത്ത് ഈ നാട്ടിൽ തുടരാനുള്ള താത്പര്യം അറിയിച്ചു കഴിഞ്ഞു.
തമിഴ്നാട്ടില്‍നിന്നു 1992ല്‍ പഠിച്ചിറങ്ങിയ ഡോക്ടര്‍ 10 വര്‍ഷം കന്യാകുമാരിയിലുള്ള മിഷന് ആശുപത്രിയില്‍ ജോലി ചെയ്തു. 2003 ഫെബ്രുവരി 15നാണ് കേരള സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറുടെ ചുമതലയിലായി.
ആദിവാസികളുടെയും ഗവിയിലെ ശ്രീലങ്കന്‍ വംശജരായ തമിഴരുടെയും സ്വന്തം ഡോക്ടറായി മാറിയ ഇദ്ദേഹത്തെ അവര്‍ സ്നേഹപൂര്‍വം വിളിക്കുന്നത് മക്കാ ഡോക്ടര്‍ എന്നാണ്. പ്രിയമുള്ള മകനെന്ന അർഥമുള്ള തമിഴ്പദമാണ് മക്കാൻ. അങ്ങനെ മക്കാ ഡോക്ടറെന്ന വിളിപ്പേര് ഡോ. വിൻസന്റിനു നന്നായി ചേർന്നു.
സീതത്തോട്ടിലെ ആളുകളുടെ ഏക അഭയകേന്ദ്രവും ഡോ. വിൻസന്റായിരുന്നു. പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചുമതലക്കാരനെന്ന നിലയിൽ തന്റെ പ്രവർത്തന പരിധിയിലുള്ള ആദിവാസി കുടിലുകളില്‍ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഡോക്ടര്‍ കടന്നുചെന്നു. കാടിന്റെ മക്കള്‍ക്കരികിലേക്കു ഡോക്ടര്‍ എത്തിയതോടെയാണ് ആദിവാസി കുടുംബങ്ങള്‍ പുറംലോകവുമായി അടുക്കുന്നതും ഇവരിലെ ഭയവും പരിഭ്രമവും വിട്ടൊഴിയുന്നതും.
കുടിലുകള്‍ക്കു സമീപം ചെന്ന് ഡോക്ടര്‍ മക്കാനെയെന്നു നീട്ടിവിളിക്കുമ്പോള്‍ അവര്‍ ഓടിയെത്തും. ആഴ്ചയില്‍ ഒന്നിലധികം മെഡിക്കല്‍ ക്യാന്പുകള്‍ ആദിവാസി ഉന്നതികളില്‍ നടത്തിയതോടെ ആരോഗ്യ പ്രശ്നങ്ങള്‍ കുറഞ്ഞു. ആദിവാസി സ്ത്രീകളുടെ പ്രസവം അടിയന്തര ഘട്ടത്തിൽ വനത്തിനുള്ളിൽ പോയി എടുത്ത് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച കഥകളും ഡോക്ടർക്കു പറയാനുണ്ട്.
ശബരിമല കാടുകള്‍ക്കു പുറമേ മൂഴിയാർ, വേലുത്തോട്, സായിപ്പിൻകുഴി, കൊച്ചുപന്പ, ഗവി, ചിപ്പന്‍കുഴി തുടങ്ങിയ വനമേഖലകള്‍ കേന്ദ്രീകരിച്ച് നൂറിലധികം ആദിവാസി കുടുംബങ്ങള്‍ രണ്ടര പതിറ്റാണ്ടായി ഡോക്ടറുടെ കരുതലിലായിരുന്നു. സര്‍ക്കാര്‍ വാഹനം ലഭ്യമല്ലാത്തപ്പോള്‍ സ്വന്തം വാഹനത്തില്‍ ഡോക്ടര്‍ പാഞ്ഞെത്തി.
ക്യാന്പുകള്ക്കിടെ കാട്ടാനയടകകമനുള്ള വന്യമൃഗങ്ങളുടെ മുന്നില്‍ മണിക്കൂറുകള്‍ കുടുങ്ങിയ സംഭവങ്ങള്‍ നിരവധിയാണ്. ആദിവാസി കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളെ ഡോക്ടർ ഗൗരവത്തിലെടുത്തു. ഇവർക്കു കൃത്യമായി പോഷകമൂല്യങ്ങൾ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പല സന്നദ്ധസംഘടനകളെയും ഉപയോഗപ്പെടുത്തി ഭക്ഷണവും വസ്ത്രവും കൃത്യമായി എത്തിച്ചു.
സീതത്തോട് പബ്ലിക് ഹെല്‍ത്ത് സെന്ററിലെ ഔട്ട് പേഷ്യന്റ് സൗകര്യത്തിലാണ് ഡോക്ടറുടെ പതിവ് ദിവസം ആരംഭിക്കുന്നത്. പക്ഷേ, ആഴ്ചയില്‍ ഒരിക്കലെങ്കിലും അദ്ദേഹം 70 കിലോമീറ്റര്‍ അകലെയുള്ള ഗവിയിലേക്ക് പോകാറുണ്ട്. യാത്രയ്ക്കിടെയിൽ ആദിവാസികളെയും തോട്ടം തൊഴിലാളികളെയും വഴിയിൽ കാണും. ക്ഷേമം അന്വേഷിച്ച് ആരോഗ്യനില പരിശോധിച്ചായിരിക്കും യാത്ര. അത്യാവശ്യ മരുന്നുകളും കുത്തിവയ്പുമൊക്കെ ഡോക്ടർ കൈയിൽ കരുതിയിട്ടുണ്ടാകും.
സീതത്തോട്ടിൽ മുന്‍പ് സ്ഥിരമായി ഒരു ഡോക്ടറുടെ സേവനം ലഭിച്ചിരുന്നില്ല. വിശാലമായ വനമേഖല കൂടി ഉൾപ്പെടുന്ന പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യാൻ പലരും താത്പര്യം കാട്ടിയില്ല. ഇതുകൊണ്ടു നത്നെയാണ് ഡോ. വിൻസെന്റ് സേവ്യർ ഈ നാട്ടിൽ തന്റെ ദൗത്യം പൂർത്തീകരിക്കാമെന്നുറച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ,സമയം നോക്കാതെ ഡോക്ടര്‍മാര്‍ ആദിവാസി ഊരുകളിലേക്ക് ഓടിയെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സീതത്തോട് പഞ്ചായത്ത് പകര്‍ച്ചവ്യാധിയെ ഫലപ്രദമായി കൈകാര്യം ചെയ്തതും ഡോക്ടറുടെ നാള്‍വഴിയിലെ കുറിപ്പുകളില്പ്പെടുന്നു. സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം ഡോ. വിന്‍സെന്റ് സേവ്യറിന്റെ ജീവിതവും പ്രവര്‍ത്തനവുമാണ്.
സര്‍വീസില്‍നിന്നു വിരമിച്ച ശേഷവും സീതത്തോട്ടില്‍ തന്നെ സേവനം തുടരുമെന്ന് ഡോക്ടർ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനായി അമ്മ എന്ന പേരില്‍ സീതത്തോട് ജംഗ്ഷനില്‍ ആശുപത്രി തുറന്നു. ഇനി 24 മണിക്കൂറും ഇവിടെത്തന്നെ ഉണ്ടാകുമെന്ന് ഡോക്ടർ പറയുന്നു. സർക്കാർ സേവനത്തിന്റെ അതിർ വരന്പുകൾ ഇല്ലാതെ തുടർന്നും വനവാസികൾക്കു ചികിത്സ ലഭ്യമാക്കുന്നതിന് അദ്ദേഹത്തിനു മടിയില്ല.
ഭാര്യ: മിനി. മകള്‍ അഷ്കേനാ, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ എല്‍ എല്‍ ബി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.