ബോധിഗ്രാം അടൂർ സെന്ററിൽ പുസ്തകോത്സവം ഒന്നു മുതൽ
1579891
Wednesday, July 30, 2025 4:12 AM IST
പത്തനംതിട്ട: അടൂർ ബോധിഗ്രാമും രചന ഫൗണ്ടേഷനും ചേർന്ന് ഓഗസ്റ്റ് ഒന്നു മുതൽ ഏഴുവരെ ബോധിഗ്രാം അടൂർ സെന്ററിൽ പുസ്തകോത്സവം സംഘടിപ്പിക്കും. ഒന്നിനു വൈകുന്നേരം അഞ്ചിന് കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.
ചെയർപേഴ്സൺ ജെ . എസ്. അടൂർ അധ്യക്ഷത വഹിക്കും. എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. ജഗതി രാജ് ഹോം ലൈബ്രറി സ്കീം ഉദ്ഘാടനം ചെയ്യും.
തുടർന്നുള്ള ദിവസങ്ങളിൽ പുസ്തക പ്രകാശനം, കവിയരങ്ങ്, കഥയരങ്ങ് , വിവിധ കലാ സാംസ്കാരിക പരിപാടികൾ, എഴുത്തുകാരുടെ സംഗമം, വായനക്കാരുടെ സംഗമം, സ്കൂൾ കോളജ് വിദ്യാർഥികൾക്ക് രചനാ മത്സരം തുടങ്ങിയവ ഉണ്ടാകും. പുസ്തകപ്രേമിസംഘത്തിന്റെ പത്തനംതിട്ട ചാപ്റ്റർ ഉദ്ഘാടനവും ഒന്നിനു നടക്കും.
കൊല്ലംചന്ദനത്തോപ്പിൽ 21000പുസ്തകങ്ങളുമായി ഹോം ലൈബ്രറി തയാറാക്കിയിട്ടുള്ള ഇ.കെ. മുരളി മോഹനെ ഓഗസ്റ്റ് മൂന്നിന് ആദരിക്കും. നാലിന് ‘മാധ്യമങ്ങളും പുസ്തക ലോകവും’ സംവാദം പി.സി. വിഷ്ണുനാഥ് എംഎൽഎയും അഞ്ചിന് വൈകുന്നേരം വൈജ്ഞാനിക സാഹിത്യ സംവാദം മുൻ എംഎൽഎ രാജു ഏബ്രഹാമും ഉദ്ഘാടനം ചെയ്യും.
ആറിനു വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയൻ സമ്മാനദാനം നിർവഹിക്കും. ബോധിഗ്രാം ചെയർപേഴ്സൺ ജെ.എസ്. അടൂർ, വർക്കിംഗ് ചെയർപേഴ്സൺ കെ. ഭാസ്കരൻ, സുമ രാജശേഖരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.