തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം ഇന്ന്
1579707
Tuesday, July 29, 2025 7:26 AM IST
തിരുവല്ല: ബ്ലോക്ക് ക്ഷീരസംഗമം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ ഇന്നു രാവിലെ 11ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയിൽ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. മികച്ച ക്ഷീരകര്‍ഷകരെ ചടങ്ങിൽ ആദരിക്കും.
ബ്ലോക്കിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡുകളും വിതരണം ചെയ്യും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനിത റിപ്പോര്‍ട്ട് അവതരിപ്പിക്കും. ക്ഷീരവികസന വകുപ്പ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരസഹകരണ സംഘങ്ങള്‍, സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയന്, കേരളാ ഫീഡ്സ്, മില്‍മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 9.30 ന് രജിസ്ട്രേഷന് ആരംഭിക്കും. തിരുവല്ല ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ എസ്.ചന്‍സൂര്‍ ഡയറി പ്രശ്നോത്തരിക്കു നേതൃത്വം നല്‍കും.
ക്ഷീരമേഖലയിലെ വ്യവസായ പദ്ധതികള്‍, ആദായകരമായ പാലുത്പാദനം ഗുണമേന്മ വര്‍ധനയിലൂടെ, ബാങ്ക് വായ്പകളും വ്യവസ്ഥകളും എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. ജില്ലാ ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ റീബാ തങ്കച്ചന് മോഡറേറ്ററാകും. വിവിധ ക്ഷീരോത്പന്നങ്ങള്‍, തീറ്റപ്പുല്ലിനങ്ങള്‍, ക്ഷീരമേഖലയിലെ നൂതന യന്ത്രങ്ങള്‍, പാല് ടെസ്റ്റിംഗ് ഉപകരണങ്ങളുടെ പ്രദര്‍ശനവും അഗത്തി, മുരിങ്ങ എന്നിവയുടെ തൈ വിതരണവും ഉണ്ടാകും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.