കുന്നന്താനം കിൻഫ്ര വ്യവസായ പാർക്കിൽ 33 കെവി സബ് സ്റ്റേഷൻ നിർമിക്കും
1580392
Friday, August 1, 2025 3:35 AM IST
തിരുവല്ല: കുന്നന്താനം കിൻഫ്ര വ്യവസായ പാർക്കിൽ 33 കെവി സബ്സ്റ്റേഷൻ നിർമിക്കുന്നതിന് 16.9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎൽഎ അറിയിച്ചു.
കുന്നന്താനം കിൻഫ്ര വ്യവസായ പാർക്കിലും പരിസര പ്രദേശങ്ങളിലും വൈദ്യുതിയുടെ ആവശ്യകത കൂടി വരുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ടതും തടസങ്ങളില്ലാത്തതുമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് നിർദ്ദിഷ്ട പദ്ധതിയിലൂടെ സാധിക്കും.
മുൻപ് അനുമതി ലഭിച്ചിരുന്നുവെങ്കിലും സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ലഭിക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തത കാരണമാണ് പദ്ധതിക്ക് താമസം നേരിട്ടത്. വ്യവസായ വകുപ്പിന് കീഴിലുള്ള കുന്നന്താനത്തുള്ള കിൻഫ്ര പാർക്കിലെ ഭൂമി സ്വന്തമായി വിട്ടുനൽകാമെന്ന വ്യവസ്ഥയിൽ പദ്ധതി ആസൂത്രണം ചെയ്തുവെങ്കിലും സ്ഥലം കൈമാറുന്നതിൽ നിയമതടസം നേരിടുകയും തുടർന്ന് 60 വർഷത്തേക്ക് സെന്റിന് ഒരു രൂപ എന്ന നാമമാത്രമായ നിരക്കിൽ പാട്ടവ്യവസ്ഥയിൽ 76.50 സെന്റ് സ്ഥലം വിട്ടുനൽകുന്നതിന് തീരുമാനിച്ചു. തുടർന്ന് പുതുക്കിയ നിരക്കിലുള്ള എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
തൃക്കൊടിത്താനത്തുള്ള 110 കെവി സബ് സ്റ്റേഷനിൽ 33 കെവി ട്രാൻസ്ഫോർമറും ഫീഡറുകളും സ്ഥാപിച്ച് അതിൽ നിന്ന് എട്ട് കിലോമീറ്റർ 33 കെവി ലൈൻ വലിച്ച് ആവശ്യമായ സജ്ജീകരണങ്ങളോടെ സബ് സ്റ്റേഷൻ നിർമിക്കുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത്.