ഇ-മാലിന്യം വില നൽകി ശേഖരിച്ചുതുടങ്ങി
1580400
Friday, August 1, 2025 4:02 AM IST
പത്തനംതിട്ട: മാലിന്യമുക്ത നവകേരള കാമ്പെയിന്റെ ഭാഗമായി പണം നൽകി ഇ-മാലിന്യം ശേഖരിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭയിൽ നടന്നു. ഹരിത കർമസേനയാണ് സംസ്ഥാന വ്യാപകമായി നഗരസഭാ പ്രദേശങ്ങളിലെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇവ ശേഖരിക്കുന്നത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് അംഗം സന്ധ്യാ പണിക്കരിൽനിന്നു ഇ മാലിന്യം സ്വീകരിച്ച് തുക നൽകി.
ജില്ല ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, നഗരസഭാംഗം ബിജിമോൾ മാത്യു, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ നിഫി എസ്. ഹക്ക്, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ജി. അനിൽകുമാർ, ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാർ, ക്ലീൻ സിറ്റി മാനേജർ എം.പി. വിനോദ് കുമാർ, ഗ്രീൻ വില്ലേജ് കോഓർഡിനേറ്റർ പ്രസാദ് എന്നിവർ പ്രസംഗിച്ചു.
അപകടകരമല്ലാത്ത എല്ലാ ഇ മാലിന്യങ്ങൾക്കും കിലോഗ്രാമിന് ഹരിത കർമസേന വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും പണം നൽകും. ഹരിതകർമ സേന ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി ഏറ്റുവാങ്ങി ശാസ്ത്രീയ സംസ്കരണത്തിനയയ്ക്കും. അലക്ഷ്യമായി ഇ-മാലിന്യം വലിച്ചെറിയുന്നത് കുറയ്ക്കാൻ വേണ്ടിയാണ് ശേഖരണം നടത്തുന്നത്.
പുനഃചംക്രമണ യോഗ്യമായ ഓരോ ഇനത്തിനും ശേഖരിക്കുമ്പോൾ കൈമാറുന്നവർക്ക് കിലോഗ്രാമിന് നാല് മുതൽ 127 രൂപ വരെ ഹരിത കർമസേന നൽകും. ട്യൂബ് ലൈറ്റ്, പൊട്ടിയ പിക്ച്ചർ ട്യൂബ്, സിഎഫ്എൽ ബൾബ് തുടങ്ങിയ അപകടകരമായ ഇ മാലിന്യങ്ങൾക്ക് നഗരസഭ ക്ലീൻ കേരള കമ്പനിക്ക് നിശ്ചിത തുക നൽകി ശാസ്ത്രീയ സംസ്കരണത്തിനയയ്ക്കും.
നഗരസഭ, കോർപറേഷൻ പ്രദേശങ്ങളിൽ തുടക്കമിട്ട ശേഖരണം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള കാന്പെയിൻ 15 വരെ യാണ് നിശ്ചയിച്ചിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, കെഎസ്ഡബ്ല്യുഎംപി എന്നിവർ സഹകരിച്ചാണ് കാമ്പെയിൻ സംഘടിപ്പിച്ചിരിക്കുന്നത്.