പുല്ലാട്ട് തെരുവുനായ ശല്യം രൂക്ഷം
1580653
Saturday, August 2, 2025 3:52 AM IST
പുല്ലാട്: തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറുകയാണ് പുല്ലാട്. കോയിപ്രം ഗ്രാമപഞ്ചായത്തിലെ പുല്ലാട് ഉള്‍പ്പെടുന്ന ഏഴാംവാര്‍ഡ് പ്രദേശത്ത് ഇന്നലെ ഒന്നിലധികം ആളുകള്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. കടിയേറ്റ പലരും ചികിത്സയ്ക്കായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ സമീപിച്ചിട്ടുണ്ട്.
വളർത്തു മൃഗങ്ങൾക്കും നായ്ക്കളുടെ കടിയേറ്റു. ക്ഷീര കർഷക മേഖലയായ പുല്ലാട്ട് പശുക്കളെയും ആടുകളെയും സംരക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. പേവിഷബാധയ്ക്കുള്ള മരുന്നുകള്‍ സര്‍ക്കാരിന്റെ പല ആശുപത്രികളിലും കുറവാണ്. ഉയര്‍ന്ന ശീതീകരണ അന്തരീക്ഷത്തില്‍ സൂക്ഷിക്കേണ്ടവയാണ് ഇത്തരം മരുന്നുകൾ. എന്നാല്‍ വൈദ്യുതി മുടക്കംമൂലം പല സര്‍ക്കാര്‍ ആശുപത്രികളിലെയും ശീതീകരണയന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതു കാരണം മരുന്നുകളുടെ ശക്തി കുറയുന്നതായും പറയുന്നു.
തെരുവുനായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണമെത്തിക്കാനും ആളുകളുണ്ട്. മാംസ, മത്സ്യവ്യാപാരികളുടെ സമീപത്തും തട്ടുകടകൾക്കരികിലും തങ്ങുന്ന നായ്ക്കൾക്ക് ഭക്ഷണത്തിനു ക്ഷാമമില്ല.
കാല്‍നടയാത്രപോലും നായ്ക്കളുടെ ശല്യംമൂലം അസാധ്യമായിരിക്കുകയാണ്. എന്നാല്‍ ഇവയുടെ ശല്യത്തിനെതിരേ ഒരു പ്രതിരോധശ്രമവും തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതാണ് ഏറെ വിചിത്രം.