അംഗബലം കുറഞ്ഞു; പോലീസ് സംവിധാനങ്ങളിൽ താളപ്പിഴ
1580645
Saturday, August 2, 2025 3:52 AM IST
സ്വയംവിരമിക്കൽ അപേക്ഷ കൂടുന്നു
കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിൽ പോലീസ് സേനയിൽ മതിയായ അംഗബലമില്ല. നൂറിലധികം സിപിഒമാരുടെ കുറവാണ് ജില്ലയില്‍ ഉള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇരട്ടിയിലധികം ഒഴിവുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സബ് ഇന്‍സ്പെക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ട്. എഎസ്ഐമാരുടെ ഒഴിവുകൾ നിരവധി.
മാസങ്ങള്‍ക്കു മുന്‍പ് പാസിംഗ് ഔട്ട് പരേഡ് നടത്തിയ 140 എസ്ഐമാരില്‍ 40 പേര് മാത്രമാണ് നിലവിൽ സര്‍വീസില്‍ ഉള്ളത്. കടുത്ത മാനസിക സംഘര്‍ഷവും വിശ്രമമില്ലാത്ത ജോലിയും രാഷ്ട്രീയ ഇടപെടലുകളും കാരണം സേനയിൽനിന്ന് കൊഴിഞ്ഞുപോക്കുള്ളതായി പറയുന്നു. സർവീസിലുള്ള പല പോലീസ് ഓഫീസര്‍മാരും സിപിഒമാരും സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ പുതിയ കണക്കുകള്‍ അനുസരിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ പോലീസ് സേനയില്‍നിന്നാണ് സ്വയം വിരമിക്കലിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര് തമ്മിലുള്ള ശീതസമരത്തിന്റെ ഫലവും അനുഭവിക്കുന്നത് താഴേത്തട്ടില്‍ ജോലി ചെയ്യുന്നവരാണ്.
പട്രോളിംഗ് പ്രതിസന്ധി യിൽ ജില്ലയിലെ വന, മലയോര മേഖലയിൽ പോലീസ് സ്റ്റേഷനുകളിലും സേനയുടെ അംഗബലത്തിൽ വൻ കുറവുണ്ട്. അടിസ്ഥാന അംഗബലം പോലും പലേടത്തും ലഭ്യമല്ല. അടൂർ പോലെയുള്ള ടൗൺ മേഖലയിലും ആവശ്യത്തിനു പോലീസുകാരില്ല. പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്താന്‍ പോലും ആവശ്യത്തിനു പോലീസുകാരില്ലാത്ത സ്ഥലങ്ങളുണ്ട്. പോലീസ് ജീപ്പ് ഓടിക്കുന്ന ഡ്രൈവറും ഒരു സിപിഒയും മാത്രമാണ് ചില സ്റ്റേഷനുകളില്‍ രാത്രി ഡ്യൂട്ടിയിലുള്ളത്.
നൈറ്റ് പട്രോളിംഗ് ഓഫീസര്‍മാര്‍ ഇല്ലാത്തതിനാല്‍ സിപിഒമാരാണ് ഓഫീസര്‍മാരായി ഡ്യൂട്ടി ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ പട്രോളിംഗിനു പോകാന്‍ ആര്‍ക്കും താല്പര്യമില്ല. പലേടങ്ങളിലെയും വാഹനങ്ങളുടെ ശോച്യാവസ്ഥയും ബാധിച്ചിട്ടുണ്ട്. ജനമൈത്രി പോലീസായി പ്രവർത്തിക്കേണ്ട ഘട്ടത്തിൽ അതിനനുസൃതമായി സേവനത്തിന് ഉദ്യോഗസ്ഥരെ ലഭിക്കാറില്ല.
സൈബർ പോലീസ്, ഡാൻസാഫ് ഉൾപ്പെടെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘങ്ങൾ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം ആളിനെ നൽകാനാകുന്നില്ല. സേനയിൽ വൈദഗ്ധ്യം തെളിയിച്ചവരെ ഉൾപ്പെടുത്തിയാണ് പ്രത്യേക ടീമുകളെ സാധാരണ നിയോഗിക്കുന്നത്. മാനസിക സമ്മർദത്തിൽ പോലീസ് സേനാംഗങ്ങൾക്കിടയിൽ സമീപകാലത്ത് ആത്മഹത്യ പ്രവണതയും ഏറി.
മാനസിക പീഡനവും കുടുംബാംഗങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലുമാണ് ആത്മഹത്യകള്‍ക്കു കാരണംപോക്സോ കേസുകളുടെ എണ്ണത്തില്‍ വര്ധനയുണ്ടാകുമ്പോള് അതിനനുസരിച്ചുള്ള വനിതാ പോലീസ് സേനാംഗങ്ങളുടെ കുറവും പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പോലീസിൽ ജോലി ലഭിച്ച പല വനിതകളും ഇതര സർക്കാർ വകുപ്പുകളിലേക്കു ചേക്കേറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഓണവും ഉത്സവകാലവും ആരംഭിക്കുന്നതോടെ ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാകും. ജോലിക്ക് ഇടവേളയോ ആവശ്യത്തിനുള്ള ആരോഗ്യ പരിശോധനകളും ഇവര്‍ക്കു ലഭിക്കുന്നില്ല. ഇതുകൊണ്ടുതന്നെ പലരും സേനയില്‍നിന്നു പുറത്തേക്കുള്ള അവസരം നോക്കിയിരിക്കുകയാണ്.
മുഖം തിരിച്ച് പുതുതലമുറ
ഒരു കാലത്തു യുവാക്കൾക്കു ഹരമായിരുന്ന പോലീസ് ഡ്യൂട്ടിയോടു പുതുതലമുറയ്ക്കു താത്പര്യം കുറഞ്ഞു. സേവന, വേതന വ്യവസ്ഥകൾ ആകർഷണീയമല്ലെന്നതാണ് പ്രധാന പ്രശ്നം. വേതന വ്യവസ്ഥയിൽ ഒരു മാറ്റവും സേനയിലില്ല. 1970ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ഇപ്പോഴും കാര്യങ്ങള്‍.
നിസാര കാര്യങ്ങള്‍ക്കുപോലും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരില്‍നിന്നു കടുത്ത മാനസിക, ശാരീരിക ശിക്ഷയാണ് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നത്. സത്യസന്ധമായി ജോലി ചെയ്യുന്നവര്‍ക്കു ധാർമികമായിട്ടുള്ള ഒരു സംരക്ഷണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നുമുള്ള അഭിപ്രായമുണ്ട്.