അടൂർ നഗരത്തിൽ ഗതാഗത പരിഷ്കരണം
1580053
Thursday, July 31, 2025 4:27 AM IST
അടൂർ: നഗരത്തിൽ ഫീസ് സ്വീകരിച്ച് പാർക്കിംഗ് സംവിധാനം വിപുലപ്പെടുത്താൻ നഗരസഭ ചെയർമാൻ കെ. മഹേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത ഉപദേശക സമിതി തീരുമാനിച്ചു.
ആദ്യഘട്ടത്തിൽ അടൂർ പാർഥസാരഥി ക്ഷേത്രത്തിന് എതിർവശം മുതൽ ഇന്ദ്രപ്രസ്ഥ ഹോട്ടലിന്റെ പ്രധാന കവാടം വരെ ഇടതു വശത്തുവരെ നാലു ചക്രവാഹനങ്ങൾക്ക് ഫീസ് ഈടാക്കിയുള്ള പാർക്കിംഗ് അനുവദിക്കും.
കെഎസ്ആർടിസി ജംഗ്ഷൻ മുതൽ കാരുണ്യ വരെ ഇടതു ഭാഗം ഇരുചക്രവാഹന പാർക്കിംഗ് ഫീസോടുകൂടി അനുവദനീയമാകും. നഗരസഭാ ഓഫീസിന് എതിർവശം മുതൽ ആർഡിഒ ഓഫീസിനു സമീപം വരെ ഇടതു വശംവരെയും പാർക്കിംഗ് മേഖലയുണ്ടാകും.
കോടതിയുടെ എതിർവശം ഡിക്സൺ ലോഡ്ജിനു സമീപത്തെ റോഡിൽ ഇരുവശവും എംഎൻ ഓഫ്സെറ്റിന് എതിർവശത്തും ഫീസോടുകൂടി പാർക്കിംഗ് അനുവദിക്കും. എംസി റോഡിലെ അമിതവേഗം കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സ്പീഡ് ബ്രേക്കറുകളും ഡിവൈഡറുകളും സ്ഥാപിക്കും.
നെല്ലിമൂട്ടിൽപ്പടി,ബൈപാസ് വട്ടത്തറപ്പടി, മുന്നാളം റോഡ് എന്നിവിടങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കും.
യോഗത്തിൽ ട്രാഫിക് എസ്ഐ ജി.സുരേഷ് കുമാർ,അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.എസ്.ലൈജു, ആർഡി ഓഫീസ് സീനിയർ സൂപ്രണ്ട് ഷൈനി ബേബി, കെഎസ്ടിപി എഇ ജയറാണി, നഗരസഭ സെക്രട്ടറി ഇൻ ചാർജ് സി.പ്രസാദ് എന്നിവർ പങ്കെടുത്തു.