ശബരിമല നട തുറന്നു, നിറപുത്തരി പൂജ ഇന്ന്
1579879
Wednesday, July 30, 2025 3:59 AM IST
പത്തനംതിട്ട: നിറപുത്തരി പൂജകള്‍ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. ഇന്ന് പുലര്‍ച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകള്‍ നടക്കും.
സന്നിധാനത്ത് സമര്‍പ്പിക്കുന്ന നെല്‍ക്കതിരുകള്‍ തന്ത്രിയുടെ കാർമിക്തവത്തിൽ പൂജിച്ച് ശുദ്ധിവരുത്തും. തുടര്‍ന്ന് ശ്രീകോവിലിനുള്ളിൽ പ്രത്യേക പൂജകളുണ്ടാകും. നടതുറന്ന് പൂജിച്ച നെല്‍ക്കതിരുകള്‍ ശ്രൂകോവിലില് ചാര്‍ത്തിയ ശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.
നിറപുത്തരിക്കായുള്ള നെല്‍ക്കതിരുകളുമായി അച്ചന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഘോഷയാത്ര ഇന്നലെ വൈകുന്നേരം സന്നിധാനത്തെത്തി.