കന്യാസ്ത്രീകൾക്കെതിരേ കള്ളക്കേസ്; പ്രതിഷേധം അലയടിക്കുന്നു
1580040
Thursday, July 31, 2025 4:10 AM IST
തിരുവല്ലയിൽ ഇന്ന് ഉപവാസ പ്രാർഥനാ യജ്ഞം
തിരുവല്ല: ഛത്തീസ്ഗഢിൽ മലയാളി ക്രൈസ്തവ സന്യാസിനിമാരെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഉപവാസ പ്രാർഥനായഞ്ജം ഇന്നു തിരുവല്ലയിൽ നടക്കും.
രാവിലെ ഒന്‍പതിന് തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തു തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യ വികാരി ജനറാൾ ഫാ.ഡോ. ഐസക് പറപ്പള്ളിൽ, മാർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ്, യാക്കോബായ സുറിയാനി നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത,
കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, സിഎസ്ഐ സഭ മധ്യകേരള മഹാഇടവക മുൻ അധ്യക്ഷൻ ബിഷപ് തോമസ് സാമുവേൽ, മാത്യു ടി. തോമസ് എംഎൽഎ, ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാർത്തോമ്മ സഭ അല്മായ ട്രസ്റ്റി അൻസിൽ കോമാട്ട് , തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി നിർവിണാനന്ദ തുടങ്ങിയവർ പ്രസംഗിക്കും.
വൈദികർ, സിസ്റ്റേഴ്സ്, എംസിവൈഎം, എംസിഎ, എംസിസിഎൽ, എംസിഎംഎഫ് സംഘടനാ ഭാരവാഹികൾ നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്കു മൗനജാഥയോടെ പ്രാർഥനായജ്ഞം സമാപിക്കും.
അടൂരിൽ പ്രതിഷേധറാലിയും സമ്മേളനവും
അടൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് മലങ്കര കത്തോലിക്കാ സഭ അടൂർ വൈദികജില്ല എംസിഎ നേതൃത്വം നൽകിയ പ്രതിഷേധ മൗന റാലിയും സമ്മേളനവും നടത്തി.
അടൂർ തിരുഹൃദയ പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച റാലിക്ക് അടൂർ വൈദിക ജില്ലാവികാരി ഫാ.ശാന്തൻ ചരുവിൽ, ഫാ.ജിനോയ് ചരുവിളയിൽ, ഫാ.അജോ കളപ്പുരക്കൽ, ഫാ.ഡോമിനിക് സാവിയോ, ഫാ.തോമസ് കൊച്ചുവട്ടോത്തറ, ഫാ.ക്ലിം പരിക്കൂർ, ഫാ.തോമസ് കുറ്റിയിൽ, ബിജു ഫിലിപ്പ്, ബെന്നി ചാവടിയിൽ മുരുപ്പേൽ, ഡോ.എബി എബ്രഹാം, ജോർജ് മുരുക്കൽ എന്നിവർ നേതൃത്വം നൽകി.
ബിജെപിയുടെ തനിനിറം പുറത്തുവന്നു: വർഗീസ് മാമ്മൻ
പത്തനംതിട്ട: ഛത്തീസ്ഗഡിൽ പ്രേഷിത ശുശ്രൂഷയിലും ആതുര സേവന രംഗത്തും സജീവമായ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അറസ്റ്റും കേസും ബിജെപിയുടെ യഥാർഥ സംഘപരിവാർ മുഖംപുറത്തു കൊണ്ടുവന്നിരിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ വർഗീസ് മാമ്മൻ.
പോലീസിന്റെ അധികാരം ബജരംഗ്ദൾ പ്രവർത്തകർ ഏറ്റെടുത്തു. കന്യാസ്ത്രീ മഠങ്ങൾക്കും കന്യാസ്ത്രീമാർക്കും നേരെ നടക്കുന്ന ആക്രമണം ബിജെപി അധികാരത്തിൽ വന്നകാലം മുതൽ തുടന്നു വരുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ അരമനകളും ആരാധനാലയങ്ങളും കയറിയിറങ്ങുകയും വടക്കേ ഇന്ത്യയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുകയും അക്രമിക്കപ്പെടുകയും കള്ളക്കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് ഉള്ളത്. ബിജെപിയുടെ പൊയ്മുഖം ഇതോടെ അഴിയപ്പെടുകയാണെന്നും വർഗീസ് മാമ്മൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് പ്രതിഷേധം ഇന്ന്
പത്തനംതിട്ട: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു പത്തനംതിട്ടയിൽ പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
വൈകുന്നേരം 4.30ന് അബാൻ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിക്കും. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധ സമ്മേളനം ചേരും.
റാന്നി എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു
റാന്നി: ഛത്തീസ്ഗഡിയിൽ മലയാളി കന്യാസ്ത്രീകൾക്കു നേരെ നടന്ന ആക്രമണങ്ങളിലും നിരപരാധികളെ ജയിലിൽ അടച്ചതിലും റാന്നി എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു.
ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾക്കെതിരേ ഒന്നിച്ചു പോരാടാൻ മതേതരബോധമുള്ള സമൂഹം തയാറാകണമെന്നും ഫെലോഷിപ്പ് രക്ഷാധികാരിമാരായ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവർ സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
കന്യാസ്ത്രീകളെ മോചിപ്പിക്കണം: ജമാഅത്ത് ഫെഡറേഷൻ
പത്തനംതിട്ട: ഛത്തീസ്ഗഡിൽ ജയിലിലടച്ച കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്ന് കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് യൂസഫ് മോളൂട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി അഫ്സൽ പത്തനംതിട്ട, ജില്ലാ ജനറൽ സെക്രട്ടറി റസാക്ക്, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഹിം മൗലവി, വർക്കിംഗ് പ്രസിഡന്റ് സാലി നാരങ്ങാനം, ഉമ്മർ കുട്ടി കുമ്മണ്ണൂർ, സുബൈർ കുട്ടി കാട്ടൂർ കാസിം, അബ്ദുൾ ലത്തീഫ് മൗലവി, അബ്ദുറഹീം കുമ്മണ്ണൂർ, റഹീംകുട്ടി പെരുനാട്, അബ്ദുൽ അസീസ് കോന്നി, ഷംസുദ്ദീൻ മുളന്തറ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ടയിൽ സംയുക്ത പ്രതിഷേധം മൂന്നിന്
പത്തനംതിട്ട: ഉത്തരേന്ത്യയിൽ ഭരണകൂട ഭീരതയ്ക്ക് ഇരയായി ജാമ്യം പോലും നിഷേധിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട് ദാരുണാവസ്ഥയിലായിരിക്കുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പത്തനംതിട്ട പ്രദേശത്തെ ക്രൈസ്തവ വിഭാഗങ്ങൾ സംയുക്ത പ്രതിഷേധ പരിപാടികൾ നടത്തും.
ഉത്തരേന്ത്യയിൽ നിരന്തരം നടക്കുന്ന ക്രൈസ്തവ പീഡനങ്ങളിൽ വിവിധ എപ്പിസ്കോപ്പൽ സഭാ പ്രതിനിധികളുടെ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ വിഷയാവതരണം നടത്തി.
ക്രൈസ്തവർക്കു നേരെ സർക്കാരുകളുടെ ഒത്താശയോടെ നടത്തുന്ന അതിക്രമങ്ങളെ തുറന്നുകാട്ടുന്നതിനും പ്രതിഷേധം അറിയിക്കുന്നതിനുമായി ഓഗസ്റ്റ് മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ നിന്നും മൗനജാഥ ആരംഭിക്കും. പത്തനംതിട്ട ടൗണിലെ ഗാന്ധി സ്ക്വയറിലെത്തിയശേഷം ജാഥ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ സമാപിക്കും.
കോഴഞ്ചേരിയിൽ മൗനജാഥയും സമ്മേളനവും
കോഴഞ്ചേരി: ഛത്തീസ്ഗഡ് സംഭവത്തിൽ പ്രതിഷേധിച്ചും രാജ്യത്തു ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന ആക്രമണങ്ങൾക്കെതിരേയും മാരാമൺ ക്രൈസ്തവ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് മൗനജാഥയും സമ്മേളനവും നടത്തും.
മാരാമൺ സെന്റ് ജോസഫ് റോമൻ കത്തോലിക്കാ ദേവാലയത്തിൽനിന്ന് വായമൂടി കെട്ടിയ പ്രതിഷേധ റാലി വൈകുന്നേരം അഞ്ചിന് തുടങ്ങും. കോഴഞ്ചേരിയിൽ അവകാശ സംരക്ഷണ സമ്മേളനം നടക്കും. വിവിധ ക്രൈസ്തവ സഭാ വിശ്വാസികൾ റാലിയും സമ്മേളനത്തിലും പങ്കെടുക്കും. സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. വർഗീസ് ജോർജ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
തിരുവല്ല: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അനധികൃതമായി തടങ്കലിൽവച്ച സർക്കാർ നടപടിക്ക് എതിരേ തിരുവല്ല ടീച്ചേഴ്സ് ഗിൽഡിന്റെ ഭിമുഖ്യത്തിൽ പ്രതിഷേധ സമ്മേളനം നടന്നു. കോർപറേറ്റ് മാനേജർ ഫാ. മാത്യു പുനക്കുളം, ഗിൽഡ് സംസ്ഥാന ട്രഷറർ റോബിൻ മാത്യു, പ്രസിഡന്റ് മാത്യൂസ് ഡാനിയേൽ,
വൈസ് പ്രസിഡന്റ് ജിൻസി പി. വർഗീസ്, ജനറൽ സെക്രട്ടറി റോബിൻ കെ. മത്തായി, മേഖല പ്രതിനിധി ജോസഫ് ചിറയിൽ, സിനു ചെറിയാൻ, മഞ്ജു വർക്കി, ജോയിന്റ് സെക്രട്ടറി ലൈജു കോശി മാത്യു, ട്രഷറർ പ്രമോദ് പി. മാർക്കോസ് എന്നിവർ പ്രസംഗിച്ചു.
പ്രധാനമന്ത്രി ഇടപെടണം : കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അവര്‍ നല്കിയ വിശദീകരണം പരിഗണിക്കാന്‍ പോലും തയ്യാറാകാതെ പോലീസ് അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നു കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സിൽ. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നല്കുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ വേണം.
കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത നിലയിലേക്ക് ഉത്തരേന്ത്യയില്‍ ക്രൈസ്തവ സമുദായം അടിച്ചമര്‍ത്തപ്പെടുന്നു. മത പരിവര്‍ത്തനത്തിനു വേണ്ടിയല്ല സാമൂഹിക പുരോഗതിക്കും മനുഷ്യന്റെ സമഗ്ര വളര്‍ച്ചയ്ക്കും വേണ്ടിയാണ് സഭ പ്രവര്ത്തിക്കുന്നത്യ ഛത്തിസ്ഗഡില്‍ നടന്നത് മനുഷ്യാവകാശ ലംഘനവും ആള്‍ക്കൂട്ട വിചരണയുമാണ്.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കും ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ന്യൂനപക്ഷ മന്ത്രിയും ഇടപെടണമെന്നും രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കുന്നന്താനത്ത് പ്രതിഷേധം
മല്ലപ്പള്ളി: ഛത്തീസ്ഗഡ് സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുന്നന്താനം മണ്ഡലം കമ്മിറ്റി പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, സി. പി. ഓമനകുമാരി, വി.ടി. ഷാജി, റിദേഷ് ആൻറണി, രാമചന്ദ്രൻ കാലായിൽ, ബാബു കുറുമ്പേശ്വരം, ഗ്രേസി മാത്യു, ധന്യ മോൾ ലാലി, രാധാമണിയമ്മ, മറിയാമ്മ കോശി, ഏബ്രഹാം വർഗീസ് പല്ലാട്ട്, പുരുഷോത്തവൻ പിള്ള പാറക്കൽ, അലക്സ് പള്ളിക്കപറമ്പിൽ, വിഷ്ണു എസ്. നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധാർഹം: എസ്വൈഎസ്
പത്തനംതിട്ട: ന്യൂനപക്ഷങ്ങൾക്കു നേരെ രാജ്യത്തു നടക്കുന്ന അതിക്രമങ്ങൾക്കെതിരേ ജനാധിപത്യ സമൂഹം ഒന്നിച്ചു പ്രതികരിക്കണമെന്നു എസ്വൈഎസ് ജില്ലാ കമ്മിറ്റി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കു കോട്ടം വരാതിരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും പാർട്ടികളും ജാഗ്രത കാണിക്കണം.