ചെന്പടയ്ക്കെതിരേ സനൽ കുമാറിന്റെ പരാതി : സൈബർ പോരിൽ കുരുങ്ങി സിപിഎം
1580386
Friday, August 1, 2025 3:35 AM IST
പത്തനംതിട്ട: സിപിഎമ്മിൽ വീണ്ടും സൈബർ പോര് രൂക്ഷമായി. ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽകുമാറിനെതിരേയുണ്ടായ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്. മന്ത്രി വീണാ ജോർജിനെ അനുകൂലിക്കുന്ന ‘ആറന്മുളയുടെ ചെമ്പട’ എന്ന അക്കൗണ്ടിലൂടെയാണ് വിമർശനം. ‘കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി’ എന്നാണ് പോസ്റ്റ്.
സംഭവത്തില് സനൽകുമാർ തിരുവല്ല ഡിവൈഎസ്പിക്കു പരാതി നൽകി. അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന ‘ആറന്മുളയുടെ ചെമ്പട’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരേ നടപടി വേണമെന്നാണ് ആവശ്യം.
ഡിവൈഎസ്പിക്കു ലഭിച്ച പരാതി സൈബർ സെല്ലിനു കൈമാറി.ചെന്പട ഗ്രൂപ്പ് വീണാ ജോർജിന് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് ഉണ്ടാകില്ലെന്നുള്ള നിഗമനത്തിൽ ആറന്മുളയിൽ സനൽ കുമാർ കയറിക്കൂടാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ നേരത്തേ ചെന്പടയുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് വിവാദമായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിൽ മന്ത്രി വീണാ ജോർജിനെ സമൂഹ മാധ്യമത്തിലൂടെ വിമർശിച്ച നേതാക്കൾക്കെതിരേ നടപടിയുണ്ടാകാത്തതിനു പിന്നിൽ സനൽ കുമാറെന്ന് ഇവർ ആരോപണം ഉയർത്തിയിരുന്നു. കോട്ടയം സംഭവത്തിൽ വീണയുടെ നിലപാടുകളെ വിമർശിച്ചു പാർട്ടി പ്രാദേശിക നേതാക്കളടക്കം രംഗത്തുവന്നത് ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ചർച്ച ചെയ്തു നടപടിക്കു ശിപാർശ ചെയ്തിരുന്നു.
പാർട്ടിക്കു തലവേദനജില്ല സെക്രട്ടറിയാകാനുള്ള ആഗ്രഹം നടത്താതെ പോയതിന്റെ വൈരാഗ്യത്തിലാണ് ആർ. സനൽ കുമാർ പാർട്ടിയെയും സർക്കാരിനെയും താറടിക്കാൻ ശ്രമിക്കുന്നുതെന്നും ചെന്പട ആരോപിച്ചിരുന്നു.
സനൽ കുമാറിന്റെ ബിജെപി ബന്ധങ്ങളുടെ ആഴം എത്രയെന്ന ചോദ്യവും ഇവർ ഉയർത്തിയിരുന്നു.വീണാ ജോർജിനെ അനുകൂലിച്ചും സനൽ കുമാറിനെ വിമർശിച്ചും ആറന്മുളയുടെ ചെമ്പട എന്ന അക്കൗണ്ടിലൂടെ തുടർച്ചയായി പോസ്റ്റുകൾ വരുന്നത് പാർട്ടിക്കും തലവേദയായിരിക്കുകയാണ്.