എൻബിഎസ് പുസ്തകോത്സവം പത്തനംതിട്ടയിൽ
1579893
Wednesday, July 30, 2025 4:12 AM IST
പത്തനംതിട്ട: സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ പുസ്തക വില്പന വിഭാഗമായ നാഷണൽ ബുക്ക് സ്റ്റാളിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ ഒന്പതുവരെ പത്തനംതിട്ട വൈഎംസിഎ ഹാളിൽ പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും വില്പനയ്ക്കുണ്ടാകും. ഒന്നിനു രാവിലെ 10ന് സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് പി.കെ. ഹരികുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കെ.യു. ജനീഷ്കുമാർ എംഎൽഎ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തും.
കേരള ഗ്രാമീൺ ബാങ്ക് സ്കൂൾ കുട്ടികൾക്കു നൽകുന്ന സൗജന്യ പുസ്തകങ്ങളുടെ വതരണം ബാങ്ക് ജനറൽ മാനേജർ പ്രദീപ് പത്മൻ, പത്തനംതിട്ട എഇഒ അമ്പിളി ഭാസ്കറിന് നൽകി നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ നോവൽ ചർച്ച, കവിയാരങ്ങ്, കഥയരങ്ങ്, പുസ്തകപ്രകാശനം തുടങ്ങിയവ ഉണ്ടാകും.
എൻബിഎസ് മാർക്കറ്റിംഗ് മാനേജർ ജി. ബിപിൻ, വിനോദ് ഇളകൊള്ളൂർ, കാശിനാഥൻ, ലിപിൻ കെ. സോമൻ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.