പിഎം റോഡ് നിർമാണ ക്രമക്കേട്: വിജിലൻസ് അന്വേഷണം വഴിമുട്ടി
1580047
Thursday, July 31, 2025 4:27 AM IST
ഉയർന്നത് വൻ ആരോപണങ്ങൾ, ഇന്നും കെഎസ്ടിപിക്കു കൈമാറാതെ റോഡ്
പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പുനർ നിർമാണത്തിൽ പ്ലാച്ചേരി - കോന്നി റീച്ചിൽക്രമക്കേട് നടന്നെന്ന ആരോപണം അന്വേഷിച്ചിറങ്ങിയ വിജിലൻസ് സംഘം പാതിവഴിയിൽ മടങ്ങി.
വർഷങ്ങൾ പിന്നിട്ടിട്ടും നിർമാണം തീർത്തു കരാറുകാരൻ റോഡ് കെഎസ്ടിപിയെ ഏല്പിച്ചിട്ടില്ല. നിർമാണത്തിലെ അശാസ്ത്രീയതയും കരാർ വ്യവസ്ഥകളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഉണ്ടായത്.
റാന്നി സ്വദേശി അനിൽ കാറ്റാടിക്കൽ 2021ൽ വിജിലൻസിനു നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണം സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ അഴിമതി നടന്നതായ വിലയിരുത്തലുണ്ടായി.
ലോക ബാങ്കിന്റെ സഹായത്തോടെ കെഎസ്ടിപിയാണ് പാതയുടെ നിർമാണം നടത്തിയത്. ആദ്യഘട്ടത്തിൽ മൂവാറ്റുപുഴ- പൊൻകുന്നം ഭാഗം പൂർത്തീകരിച്ചിരുന്നു. പിന്നീടുള്ള പൊൻകുന്നം - പുനലൂർ റോഡ് മൂന്ന് റീച്ചുകളായി കരാർ നൽകി.
വീതി കുറച്ചു
പൊന്നുംവലയ്ക്ക് ഏറ്റെടുത്ത സ്ഥലത്തു റോഡ് പുനർ നിർമാണത്തിൽ നിർദേശിക്കപ്പെട്ട വീതി ഉണ്ടായില്ല. 11.5 മീറ്റർ മുതൽ 23 മീറ്റർ വരെ വീതിയിലാണ് സ്വകാര്യ വ്യക്തികളിൽനിന്നു സർക്കാർ ഭൂമി ഏറ്റെടുത്തത്. ഈ സ്ഥലം റോഡിനുവേണ്ടി പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. പല സ്ഥലത്തും വീതി 10 മീറ്ററിൽ താഴെയാണ്.
ബിഎം ബിസി നിലവാരത്തിൽ എട്ടു മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ കിലോമീറ്ററിന് ഒരു കോടി രൂപയാണ് നിർമാണ വേളയിൽ ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ, പിഎം റോഡ് നിർമാണത്തിൽ ഒരു കിലോമീറ്ററിനു 15 കോടി വരെ ചെലവായിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു.
പൊൻകുന്നം പ്ലാച്ചേരി റീച്ചിൽ എസ്റ്റിമേറ്റ് തുകയേക്കാൾ 9.10 കോടി രൂപ അധികം നൽകി. പ്ലാച്ചേരി മുതൽ കോന്നി വരെയുള്ള 30 കിലോമീറ്റർ ഭാഗത്ത് സർക്കാർ ഭൂമിയിൽനിന്നു ലക്ഷക്കണക്കിന് രൂപയുടെ പാറയും മണ്ണും കരാറുകാരൻ സൗജന്യമായി റോഡുനിർമാണത്തിന് ഉപയോഗിച്ചു.
ഇവ ഉപയോഗിച്ച് നിർമിച്ച പാർശ്വഭിത്തികൾക്ക് 45.6 കോടിയാണ് കരാറുകാരൻ ഈടാക്കിയത്. കൂടാതെ കല്ലും മണ്ണും നീക്കിയ ഇനത്തിൽ 7.5 കോടി വേറെയും വാങ്ങിയതായി പരാതിയിൽ പറയുന്നു.
അപകടങ്ങളുടെ പെരുമഴ
നിർമാണം പൂർത്തിയാകാതെ കിടക്കുന്ന റോഡിൽ അപകടങ്ങൾ പതിവാണ്. മണ്ണാരക്കുളഞ്ഞിക്കും കുന്പഴ വടക്കിനും മധ്യേയാണ് പ്ലാച്ചേരി- കോന്നി റീച്ചിലെ പ്രധാന അപകട കേന്ദ്രങ്ങൾ. മൈലപ്ര രണ്ടാം കലുങ്കിന് സമീപമുള്ള സ്ഥലത്ത് റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണം, മൈലപ്ര തയ്യിൽപ്പടിക്കു സമീപമുള്ള ഒന്നാം കലുങ്ക്, ഗ്രാമപഞ്ചായത്ത് ഓഫീസിനും പോസ്റ്റ് ഓഫീസിനും ഇടയ്ക്കുള്ള സ്ഥലം,
മൈലപ്രാ തടിമില്ലിന് സമീപത്തുള്ള സ്ഥലത്തെ കലുങ്കിനോട് ചേർന്നുള്ള കോൺക്രീറ്റ് കാന നിർമാണവും റോഡിന്റെ വശത്തെ സംരക്ഷണ ഭിത്തി നിർമ്മാണം എന്നിവയും മൈലപ്രാ പള്ളിപ്പടിക്കൽ, പത്തനംതിട്ടയ്ക്ക് തിരിയുന്ന ഭാഗത്തു റോഡിന്റെ ഒരു വശത്തെ പണികളും ഇനിയും പൂർത്തീകരിക്കാനുണ്ട്. മൈലപ്രാ പള്ളിപ്പടിക്കൽനിന്നു പത്തനംതിട്ട ഭാഗത്തേക്കു തിരിയുന്ന റോഡിന്റെ മധ്യ ഭാഗത്തായി ഡിവൈഡറുകളോ സിഗ്നൽ ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല.
മൈലപ്ര വില്ലേജിൽ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതി കയറിയതാണ് നിർമാണം പൂർത്തീകരിക്കുന്നതിൽ തടസമായതെന്നു പറയുന്നു.മണ്ണാറക്കുളഞ്ഞി ആശുപത്രിപ്പടിക്കൽനിന്നു ശബരിമല റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് റാന്നി റോഡിനു വീതി കുറഞ്ഞു. റോഡിന്റെ മധ്യഭാഗത്തു വച്ചിട്ടുള്ള ഡിവൈഡറുകൾ അശാസ്ത്രീയമാണ്.
തിരക്കേറിയ ഭാഗത്ത് ഇരു ദിശയിൽനിന്നു വരുന്ന വാഹനങ്ങൾ തമ്മിൽ ഇടിച്ച് അപകടമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇവിടെയും അധികൃതർ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല.
ആക്ഷേപങ്ങൾ ഇങ്ങനെ
റോഡു നിർമാണത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിൽ ഉണ്ടായിരുന്ന കല്ലും മണ്ണും സൗജന്യമായി ലഭിച്ചത് മറച്ചുവച്ച് അവ ദൂരസ്ഥലങ്ങളിൽനിന്നു വില കൊടുത്തു വാങ്ങിയതായി രേഖകൾ ഉണ്ടാക്കി. പാതയ്ക്കു വീതി കൂട്ടാനായി കുന്ന് ഇടിച്ചതിലൂടെ ലോഡുകണക്കിനു മണ്ണാണ് അധികം വന്നത്.
ഈ മണ്ണ് ഉപയോഗിച്ചു നിർമാണക്കമ്പനി ഏക്കറു കണക്കിനു വയലുകൾ നികത്തി. പഴവങ്ങാടി വില്ലേജിൽ മാത്രം മൂന്നേക്കർ വയൽ ഇങ്ങനെ നികത്തി. പല സ്ഥലങ്ങളിലും കലുങ്കുകൾ നിർമിക്കുന്നതിനു പകരം ഓടകൾ മണ്ണിട്ടു നികത്തി, കലുങ്ക് നിർമാണത്തിനെന്ന പേരിൽ ലക്ഷങ്ങൾ നേടി.
ചെത്തോങ്കര ഭാഗത്തെ അപാകത മൂലം പുനർനിർമാണം നടത്തേണ്ടിവന്നു, റാന്നി ഉതിമൂട്ടിൽ കനാൽ പാലമുള്ള ഭാഗം റോഡ് ഉയർന്നതോടെ ലോഡ് വാഹനങ്ങൾക്കു കടന്നുപോകാൻ ബുദ്ധിമുട്ടായി.
തർക്കങ്ങളുടെ പേരിൽ പലേടത്തും നിർമാണം നിലച്ചു, ഇത് അപകടങ്ങൾക്കു കാരണമാകുന്നു, ബസ്ബേ, ജംഗ്ഷനുകളുടെ നവീകരണം, ട്രാഫിക് ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, വെയ്റ്റിംഗ് ഷെഡുകൾ എന്നിവയും പൂർത്തീകരിച്ചിട്ടില്ല. - ഇതൊക്കെയാണ് പരാതിയിൽ പറയുന്നത്.