ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് അല്‍ഫോന്‍സാ തീര്‍ഥാടനം ഓഗസ്റ്റ് രണ്ടിന്
1579882
Wednesday, July 30, 2025 3:59 AM IST
ചങ്ങനാശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പമിഷന്‍ലീഗിന്റെ ആഭിമുഖ്യത്തിലുള്ള 37-ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം ഓഗസ്റ്റ് രണ്ടിന് നടത്തുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ചെറുപുഷ്പ മിഷന്‍ലീഗ് അതിരൂപത ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, തീര്‍ഥാടന കണ്‍വീനര്‍ ജോണ്സണ് കാഞ്ഞിരക്കാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
“പ്രത്യാശയോടെ കുഞ്ഞുമിഷനറിമാര്‍’’ എന്ന ആപ്തവാക്യവുമായി മിഷന്‍ലീഗ് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന തീര്‍ഥാടനത്തില്‍ പ്രായഭേദമെന്യേ പതിനായിരങ്ങള്‍ പങ്കെടുക്കും. രാവിലെ 5.30ന് അതിരമ്പുഴ, വെട്ടിമുകള്‍, ചെറുവാണ്ടൂര്‍, കോട്ടയ്ക്കപ്പുറം എന്നിവിടങ്ങളിൽനിന്ന് അതിരമ്പുഴ മേഖലയുടെ തീര്‍ഥാടനവും രാവിലെ 5.45ന് പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍നിന്ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ഥാടനവും ആരംഭിക്കും. കുടമാളൂര്‍ മേഖലയിലെ വിവിധ ശാഖകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ 6.45ന് പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ എത്തും.
കോട്ടയം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് രാവിലെ 8.45ന് കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം ചെങ്ങന്നൂര്‍ മേഖലകളുടെ തീര്‍ഥാടനങ്ങളും 10.30ന് കുറുമ്പനാടം മേഖലയുടെ തീര്‍ഥാടനവും ആരംഭിക്കും. 33കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുന്ന ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ഥാടനം ഉച്ചകഴിഞ്ഞ് രണ്ടിന് അല്‍ഫോന്‍സാ ജന്മഗ്യഹത്തില്‍ എത്തിച്ചേരും.
ആലപ്പുഴ, എടത്വാ, പുളിങ്കുന്ന്, ചമ്പക്കുളം, മുഹമ്മ മേഖലകളിലെ തീര്‍ഥാടകര്‍ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില് അന്നേ ദിവസം രാവിലെ 9.45ന് എത്തിച്ചേര്‍ന്ന് മധ്യസ്ഥപ്രാര്‍ഥനയില്‍ പങ്കെടുക്കും. തുടര്‍ന്ന് തീര്‍ഥാടകര്‍ കുടമാളൂരിലേക്ക് പദയാത്രയായി നീങ്ങും.
അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടകരും വിവിധസമയങ്ങളില്‍ എത്തിച്ചേരും. തീര്‍ഥാടകര്‍ക്കുള്ള നേര്‍ച്ച ഭക്ഷണം കുടമാളൂര്‍ ഫൊറോന പള്ളിയില്‍ രാവില ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെ ക്രമീകരിച്ചിട്ടുണ്ട്. ബോബി തോമസ്, ടിന്റെ സെബാസ്റ്റ്യന്‍, എബിന് ജോസഫ് എന്നിവരും പത്സമ്മേളനത്തില് പങ്കെടുത്തു.