ദുരിതം പേറി പടിഞ്ഞാറൻ മേഖല; വെള്ളക്കെട്ട് ഒഴിവാക്കാൻ ജനകീയ ഇടപെടൽ
1580052
Thursday, July 31, 2025 4:27 AM IST
തിരുവല്ല: രണ്ടുമാസത്തിനിടെ ആറ് പ്രളയം നേരിട്ട പടിഞ്ഞാറൻ മേഖലയുടെ ദുരിതം അകറ്റാനായി പ്രദേശവാസികൾ ഒന്നിക്കുന്നു. മഴ ആരംഭിക്കുന്നതോടെ വെള്ളക്കെട്ടിൽ മുങ്ങുന്ന പ്രദേശങ്ങളെ രക്ഷിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി കോലറയാർ നവീകരണം നാട്ടുകാർ ഏറ്റെടുത്തു. പായലും പോളയും നിറഞ്ഞു നീരൊഴുക്ക് നിലച്ച കോലറയാറിനെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.
കടപ്ര, നിരണം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കോലറയാറിന്റെ നീളം എട്ട് കിലോമീറ്ററാണ്. കടപ്ര പഞ്ചായത്തിലെ അരയ്ക്കൽ മുയപ്പിൽ നിന്നാരംഭിച്ച് അരീത്തോട്ടിലെത്തുന്നതാണ് കോലറയാർ. ആറിന്റെ അരീത്തോട്ടിൽ സംഗമിക്കുന്ന പൂവൻമേലി ഭാഗം മുതൽ ഇലഞ്ഞിക്കൽപാലം വരെയുള്ള ഭാഗത്തെ പോളകളും പായലുമാണ് ആദ്യം നീക്കിയത്. സർക്കാരിന്റെ ഒരു സഹായവുമില്ലാതെ നാട്ടുകാർ പദ്ധതി സ്വയം ഏറ്റെടുക്കുകയായിരുന്നു. കാലവർഷം ആരംഭിച്ചശേഷമുള്ള തുടർച്ചയായുള്ള പ്രളയവും വെള്ളക്കെട്ടുകളുമാണ് ഇത്തരത്തിൽ ഒരു നീക്കത്തിനു നാട്ടുകാരെ പ്രേരിപ്പിച്ചത്.
പോള നിറഞ്ഞ് ഏറെക്കാലമായി കോലറയാർ ഉൾപ്പെടെ പ്രദേശത്തെ ജലനിർഗമന മാർഗങ്ങൾ അടഞ്ഞു പോയതിനാൽ മഴ ശക്തമാകുന്നതോടെ പടിഞ്ഞാറൻ മേഖല വെള്ളക്കെട്ടു മൂലം ദുരിതം അനുഭവിക്കുകയാണ്. പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതിനേത്തുടർന്നാണ് ജനകീയ ഇടപെടൽ. പരമാവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം.
കുടിവെള്ളം ഇല്ല
മഴക്കാലം ആരംഭിച്ചതോടെ രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയിലാണ് പടിഞ്ഞാറൻ മേഖല. മഴയിൽ വെള്ളം ഉയർന്ന് കുടിവെള്ള സ്രോതസുകൾ അപ്പാടെ മലിനപ്പെടുകയാണ്. കിണർ ജലം ഉപയോഗിക്കാനാകാത്ത സ്ഥിതിയുണ്ട്. കിണറുകളിലേക്ക് മലിനജല പ്രവാഹമാണ്.
കുടിവെള്ള സ്രോതസുകൾ മലിനപ്പെട്ടതോടെ നാട്ടുകാർ പ്രതിസന്ധിയിലായി. വല്ലപ്പോഴുമെത്തുന്ന പൈപ്പ് വെള്ളം മാത്രമാണ് അപ്പർകുട്ടനാട് പഞ്ചായത്തുകൾക്ക് ആശ്രയം. കിണറുകളിലേക്ക് സമീപ പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിയെത്തുന്നതിനാൽ മഴ മാറിയാലും കുടിവെള്ളം കിട്ടാത്ത സാഹചര്യമാണ്.