മഴക്കെടുതിയിൽ ഒരു കോടിയിലധികം രൂപയുടെ കാർഷിക നഷ്ടം
1579885
Wednesday, July 30, 2025 3:59 AM IST
പത്തനംതിട്ട: കാലവർഷത്തിൽ കർഷകർക്ക് ഒരു കോടിയിലധികം രൂപയുടെ നഷ്ടം. ഓണം വിപണി ലക്ഷ്യമിട്ട് ചെയ്ത കൃഷികളെല്ലാം വെള്ളത്തിൽ മുങ്ങി നശിച്ചു. 1.9 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിൽ കൃഷിക്കു മാത്രം സംഭവിച്ചിരിക്കുന്നത്. ജില്ലയിൽ 62.07 ഹെക്ടറിൽ 1245 കർഷകർക്കാണ് കാലവർഷത്തിൽ നഷ്ടമുണ്ടായതെന്നാണ് പ്രാഥമിക കണക്ക്.
കൃഷിനാശത്തിന്റെ കണക്ക് അന്തമമായിട്ടില്ല. പടിഞ്ഞാറൻ മേഖലയിലെ പല വില്ലേജുകളിലും വെള്ളം കയറിക്കിടക്കുന്നതിനാൽ കണക്കെടുപ്പ് നടത്തിയിട്ടില്ല. നിലവിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് പത്തനംതിട്ട, റാന്നി മേഖലകളിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം. പത്തനംതിട്ടയിൽ 39 ഹെക്ടറുകളിലായി 428 കർഷകർക്ക് 32.68 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. റാന്നിയിൽ 12.33 ഹെക്ടറിൽ 277 കർഷകർക്ക് 72.08 ലക്ഷം രൂപയുടെ കൃഷിനാശവും രേഖപ്പെടുത്തി.
കനത്ത നഷ്ടം വാഴ കർഷകർക്ക്
കാലവർഷം കൂടുതൽ ബാധിച്ചത് ഏത്തവാഴ കർഷകരെയാണ്. ജില്ലയിൽ 14,480 ഏത്തവാഴകൾ കാറ്റിലും മഴയിലും വീണുപോയി. 18,890 കുലച്ച ഏത്തവാഴകൾ 7.56 ഹെക്ടറിൽ നശിച്ചു. ഏത്തവാഴകൾക്ക് മാത്രം 1.13 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഓണക്കാല വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴകളാണ് നശിച്ചത്.
കാട്ടുപന്നിയുടെ ശല്യത്തിൽനിന്നു സംരക്ഷിച്ചു നിർത്തിയിരുന്ന വാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. കഴിഞ്ഞ വ്യാഴം, വെള്ളി ദിനങ്ങളിലുണ്ടായ കാറ്റാണ് ഏത്തവാഴകൾക്കു വിനയായത്. ഓണക്കാല വിപണിയിൽ നാടൻ ഏത്തക്കുലകൾക്ക് ക്ഷാമം നേരിടും.
വയനാട്, മേട്ടുപ്പാളയം എന്നിവിടങ്ങളിൽനിന്ന് ജില്ലയിലേക്ക് വാഴക്കുലകൾ എത്തിക്കേണ്ടിവരും. നഷ്ടം നേരിട്ട കർഷകരിൽ നല്ലൊരു പങ്കും ഇൻഷ്വറൻസ് പരിധിയിൽ വരാത്തവരാണ്. പാട്ടത്തിനെടുത്ത് വാഴക്കൃഷി നടത്തിയവരാണ് ഇവരിൽ നല്ലൊരു പങ്കും.
പച്ചക്കറികളും നശിച്ചു
ഏത്തവാഴ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നഷ്ടം പച്ചക്കറികൾക്കാണ്. പച്ചക്കറികളും ഓണത്തോടനുബന്ധിച്ച വിളവെടുപ്പ് ലക്ഷ്യമിട്ടാണ് നട്ടിരുന്നത്. എന്നാൽ തുടർച്ചയായ മഴ ഇവയുടെ വളർച്ചയെ സാരമായി ബാധിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി അടക്കം കൃഷിവകുപ്പ് വിഭാവനം ചെയ്ത എല്ലാ പദ്ധതികളും വെള്ളത്തിലായി. പടിഞ്ഞാറൻ മേഖലയിൽ പച്ചക്കറി കൃഷി പൂർണമായി നശിച്ചു. പയർ, ചീര, വെണ്ട, വെള്ളരി, മത്തൻ, പടവലം തുടങ്ങിയ കൃഷികൾ വൻതോതിൽ നശിച്ചു.
കൃഷിവകുപ്പിന്റെ കണക്കിൽ 5.6 ഹെക്ടറിലെ പന്തൽ പച്ചക്കറികളും 5.4 ഹെക്ടറിൽ മറ്റു പച്ചക്കറികളും വെള്ളം കയറി നശിച്ചു. 1.6 ഹെക്ടറില മരച്ചീനി കഷിയും വെള്ളമെടുത്തു. കാറ്റിൽ റബർ മരങ്ങൾക്കും വ്യാപക നഷ്ടം നേരിട്ടു. ടാപ്പ് ചെയ്യുന്ന 230 റബർ മരങ്ങളും ടാപ്പ് ചെയ്യാത്ത 110 എണ്ണവും കടപുഴകിയും ഒടിഞ്ഞുവീണും നശിച്ചു.
ഒരു മുറം പച്ചക്കറി
ഒരു മുറം പച്ചക്കറി പദ്ധതിയിൽ ജില്ലയിൽ കൂടുതലായി കൃഷി നടന്നത് പന്തളം തെക്കേക്കര, വള്ളിക്കോട്, പ്രമാടം, കുറ്റൂർ പഞ്ചായത്തുകളിലാണ്. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഒരു മുറം പച്ചക്കറിയുടെ ലക്ഷ്യങ്ങൾ. വിഷരഹിതമായ പച്ചക്കറിഉത്പാദനമായിരുന്നു ലക്ഷ്യം.
500 ഹെക്ടറിലാണ് പച്ചക്കറി കൃഷി ലക്ഷ്യമിട്ടിരുന്നത്. അത്യുത്പാദനശേഷിയുള്ള 5000 വിത്തുകളും ആറ് ലക്ഷം തൈകളുമാണ് ഇതിനായി എത്തിച്ചത്. കൃഷി ആരംഭിച്ചതിനു പിന്നാലെയാണ് മഴ ശക്തമായത്.
പൂവ് കൃഷിയെയും മഴ ബാധിച്ചു
തുടർച്ചയായ മഴ പൂവ് കൃഷിയെ സാരമായി ബാധിച്ചു. ഓണത്തിന് നാടൻ പൂക്കൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൂവ് കൃഷിയുമായി കർഷകരും കുടുംബശ്രീ സംരംഭകരും രംഗത്തിറങ്ങിയത്. വിത്തു പാകിയതിനു പിന്നാലെ മഴ ശക്തമായി. നട്ട തൈകൾ അഴുകി. ബന്ദിത്തൈകളാണ് ഏറെപ്പേരും കൃഷി ചെയ്തത്.
വിത്തുപാകി തൈ മുളച്ചു തുടങ്ങിയ തടങ്ങളിൽ വെള്ളംകെട്ടി നിന്നതോടെ ഇവയുടെ വളർച്ച മുരടിക്കുകയും തണ്ട് അഴുകുകയും ചെയ്തു. പാടങ്ങളിൽ പണ കെട്ടിയാണ് പലരും കൃഷി ആരംഭിച്ചത്. പണയുടെ ഇടത്തോടുകളിൽ വെള്ളം നിറഞ്ഞനിലയിലാണ്. തടങ്ങളിൽനിന്ന് വെള്ളം ഒഴുകിപ്പോകാൻ ഇടമില്ല. നല്ല വെയിൽ ലഭിച്ചു വെള്ളം വലിഞ്ഞാൽ മാത്രമേ പ്രതീക്ഷയുള്ളൂവെന്ന് കർഷകർ പറയുന്നു.
കാട്ടുപന്നികൾ കുത്തിമറിക്കാതെ കൃഷി ഒരുവിധം സംരക്ഷിച്ചു പോരുന്നതിനിടെയാണ് മഴ തിരിച്ചടിയായത്. കഴിഞ്ഞവർഷം പൂക്കൃഷി കർഷകർക്കു മെച്ചപ്പെട്ട ലാഭം നേടിക്കൊടുത്തിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള പൂക്കളുടെ വില്പനയെയും ഇതു സാരമായി ബാധിക്കുകയും ചെയ്തിരുന്നു.