തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു
1580652
Saturday, August 2, 2025 3:52 AM IST
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്എല്‍സി) ആരംഭിച്ചു.
കളക്ടറേറ്റിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം വെയര്‍ഹൗസിന് സമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് പരിശോധന നടക്കുന്നത്. എഫ്എല്സിയിലൂടെ വോട്ടിംഗ് മെഷീനുകളുടെ സാങ്കേതികവും ഭൗതികവുമായ പരിശോധനയാണ് നടത്തുന്നത്.
വോട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഭാഗമായ കൺട്രോൾ, ബാലറ്റ് യൂണിറ്റുകളാണ് പരിശോധിക്കുന്നത്. 2210 കണ്ട്രോള് യൂണിറ്റുകളും 6250 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. ഓരോ മെഷീനും പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും. 20വരെയാണ് പരിശോധന.
യന്ത്രങ്ങളില്‍ ഉണ്ടാകുന്ന സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ഹൈദരാബാദ് ഇലക്ട്രോണിക് കോര്പറേഷന് ഓഫ് ഇന്ത്യയുടെ പ്രതിനിധികളും എഫ്എല്‍സി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വകുപ്പുകളില്‍ നിന്നായി 35 ഉദ്യോഗസ്ഥരുണ്ട്.
ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബീന എസ്.ഹനീഫിനാണ് പരിശോധന ചുമതല. കോന്നി ഭൂരേഖ തഹസില്‍ദാര്‍ കൂടിയായ എഫ്എല്‍സി ചാര്‍ജ് ഓഫീസര്‍ പി. സുദീപ്, രജീഷ് ആര്. നാഥ്, വി. ഷാജു എന്നിവര്‍ നേതൃത്വം നൽകി.