പോലീസ് സേനയിൽ അംഗബലം കുറവ്; പരിഹരിക്കാൻ നടപടിയുമായി എസ്പി
1580785
Sunday, August 3, 2025 3:48 AM IST
പത്തനംതിട്ട: ജില്ലയിലെ പോലീസ് സേനയിൽ ആവശ്യമായ അംഗബലം ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്. പോലീസിലെ ആൾബലത്തിലെ കുറവു കാരണം ക്രമസമാധാന വിഷയങ്ങളിലടക്കം ഉണ്ടാകുന്ന താളപ്പിഴകൾ സംബന്ധിച്ച് ദീപിക ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പല സ്റ്റേഷനുകളിലും അംഗബലം കുറവാണെന്ന പ്രശ്നം ശ്രദ്ധയിൽപെട്ടതിനേ തുടർന്ന് നടപടികൾക്കായി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എസ്പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ വി. അജിത് ജില്ലാ പോലീസ് മേധാവിയായിരിക്കേ നൽകിയ റിപ്പോർട്ടിലെ ഉള്ളടക്കംകൂടി പരിശോധിച്ച് നടപടികൾ വേണമെന്നാണ് ആവശ്യം. ഓരോ പോലീസ് സ്റ്റേഷനിലെ അനുവദിച്ചിട്ടുള്ള അംഗബലവും നിലവിലെ സേനാബലവും പരിശോധിക്കുമെന്ന് എസ്പി പറഞ്ഞു.
എസ്ഐമാരുടെ കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിശോധിച്ചുവരികയാണ്. എസ്ഐ നിയമനം ലഭിച്ച പലരും ചുമതലയേൽക്കാത്ത സാഹചര്യമുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കു കൂടി പരിഹാരം തേടും. പോലീസ് സേനയിൽ ആൾബലത്തിലുണ്ടാകുന്ന കുറവ് ക്രമസമാധാന പാലനത്തിലും മറ്റും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന പ്രശ്നം നേരത്തേതന്നെ ഉയർന്നിരുന്നു.
പുതുതായി ചുമതലയേറ്റ ജില്ലാ പോലീസ് മേധാവിക്കു മുന്പിൽ മാധ്യമ പ്രവർത്തകരടക്കം ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.