പോസ്റ്റ് ഓഫീസിലെത്തിയ പാഴ്സലില്‍നിന്ന് ശബ്ദവും പുകയും
1580801
Sunday, August 3, 2025 3:59 AM IST
അടൂർ: പോസ്റ്റ് ഓഫീസില്‍ വന്ന പാഴ്സലില്‍ നിന്നും പുകയും ശബ്ദവും വന്നത് അശങ്കയുണ്ടാക്കി. ഒടുവില്‍ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പാഴ്സലില്‍ എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന പെല്ലറ്റുകളും മരുന്നുകളുമാണെന്നു കണ്ടെത്തി.
ഇന്നലെ രാവിലെ 8.45നാണ് സംഭവം. ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്നു ഇളമണ്ണൂരിലുള്ള ജിതിന് എസ്.നായര്‍ എന്നയാളുടെ പേരിലാണ് പാഴ്സല്‍ എത്തിയത്. രാവിലെ പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ എത്തി പാഴ്സലില്‍ സീല്‍ ചെയ്യുന്ന സമയത്ത് അസാധരണമാം വിധം ഒരു ശബ്ദം കേട്ടു.
ഇതേ സമയം തന്നെ ജീവനക്കാര്‍ പാഴ്സല്‍ പുറത്തേക്ക് എറിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടൂര്‍ ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്റെ നേതൃത്തിലുള്ള പോലീസ് സംഘം പാഴ്സല്‍ പരിശോധിച്ചു.
തുടര്‍ന്ന് അടൂര്‍ എസ്എച്ച്ഒ ശ്യാം മുരളി ഇതു തുറന്ന് അകത്ത് നാല് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 40 പെല്ലറ്റുകള്‍ പുറത്തെടുത്തു. പെല്ലറ്റിന് അപകട സാധ്യതയുണ്ടോ എന്നറിയാന്‍ പത്തനംതിട്ടയില്‍ നിന്നു ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
അപകട സാധ്യതയില്ലെന്ന് തെളിഞ്ഞതോടെ പെല്ലറ്റുകള്‍ അടൂര്‍ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. സംഭവത്തില്‍ പോസ്റ്റല്‍ വിഭാഗം പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പാഴ്സല്‍ വന്ന മേല്‍വിലാസത്തിൽ ഉടമയുമായി ബന്ധപ്പെട്ടു. ഇദ്ദേഹം ഒരു ജവാനാണെന്നും തന്റെ അറിവോടുകൂടിയാണ് പാഴ്സല്‍ നാട്ടിലേക്ക് അയച്ചതെന്നുമാണ് വ്യക്തമാക്കിയതെന്നുമാണ് അടൂര്‍ എസ്എച്ച്ഒ അറിയിച്ചു.