സ്റ്റേഷനറിയും സ്നാക്സും സ്കൂളിൽത്തന്നെ; കുട്ടികൾ പുറത്തു പോകുന്നത് ഒഴിവാക്കാം
1580792
Sunday, August 3, 2025 3:48 AM IST
പത്തനംതിട്ട: സ്കൂളുകളിൽ മാ കെയർ പദ്ധതിയുമായി കുടുംബശ്രീ. ബുക്ക് വാങ്ങാനും ഇടവേളയിൽ സ്നാക്സ് കഴിക്കാനും സ്കൂൾ വളപ്പിൽത്തന്നെ കുട്ടികൾക്കു സൗകര്യം ഒരുക്കി നൽകുന്നതാണ് മാ കെയർ. സ്കൂൾ സമയത്തു കുട്ടികൾ പുറത്തു പോകുന്നത് ഒഴിവാക്കുകയാണ് പ്രാഥമിക ലക്ഷ്യം. സ്റ്റേഷനറി കം സ്നാക്സ് കിയോസ്ക് പദ്ധതി ജില്ലയിൽ ആറ് സ്കൂളുകളിൽ ആദ്യഘട്ടമായി നടപ്പാക്കി.
വെച്ചൂച്ചിറ ഗവ.എച്ച്എസ്എസ്, അടൂർ ഗവ.ബോയ്സ് എച്ച്എസ്എസ്, മല്ലപ്പള്ളി ഗവ. വിഎച്ച്എസ്, അടൂർ ഗവ.ഗേൾസ് എച്ച്എസ്എസ്, മണ്ണടി ജിഎച്ച്എസ് ആൻഡ് വിഎച്ച്എസ്, കുളനട പിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് മാ കെയർ പദ്ധതി നടപ്പാക്കിയത്.
വിപണി വിലയിൽനിന്നു കുറഞ്ഞ നിരക്കിലാണ് സാധനങ്ങൾ വിൽക്കുന്നത്. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗങ്ങൾക്കു തടയിടാനും പുറത്തുനിന്നുള്ളവർ കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് തടയാനും പദ്ധതി സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. സ്കൂളിനു പുറത്ത് കുട്ടികൾ അപകടത്തിൽപെടുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയും- പദ്ധതിയുടെ ജില്ലാ പ്രോഗ്രാം മാനേജർ അർജുൻ സോമൻ പറഞ്ഞു.
പദ്ധതിയുടെ ലക്ഷ്യം
ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിങ്ങനെ കുട്ടികൾക്ക് ആവശ്യമായതെല്ലാം സ്കൂളുകൾക്കുള്ളിൽത്തന്നെ ലഭ്യമാക്കും. കുട്ടികൾക്കു പുറത്തുനിന്നുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരിപദാർത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾ തടയുക, കുടുംബശ്രീ സംരംഭകർക്ക് ഉപജീവനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ചായ, ബിസ്കറ്റ്, മറ്റ് ലഘുഭക്ഷണം, പാനീയം, മറ്റ് ഭക്ഷണങ്ങൾ, നാപ്കിൻ, നോട്ട്ബുക്ക്, പഠനോപകരണങ്ങൾ എന്നിവ മാ കെയർ മുഖേന ലക്ഷ്യമാക്കും.