സാമൂഹിക വിപത്തുകള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ജാഗ്രത കാട്ടണം: ജില്ലാ പോലീസ് മേധാവി
1580786
Sunday, August 3, 2025 3:48 AM IST
പത്തനംതിട്ട: നിലവിലെ സാമൂഹിക വിപത്തുകളായ ലഹരിവസ്തുക്കളിലും ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ പൂര്‍ണമായും മുക്തരാവുന്നതിന് നിതാന്ത ജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവി ആര് ആനന്ദ്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി ) പദ്ധതിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കേഡറ്റുകളുടെ സെറിമോണിയല്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്പിസി ജില്ലാ നോഡല്‍ ഓഫീസര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പി. വി. ബേബി, കടമ്പനാട് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ഡിഇഒ അമ്പിളി ഭാസ്കർ, അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍, ഏനാത്ത് എസ്എച്ച്ഒ എ. അനൂപ്, സ്കൂൾ. മാനേജര്‍ എസ്. കെ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ്പിസി പദ്ധതിയുടെ വാര്‍ഷികദിനമായ ഇന്നലെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന് പത്തനംതിട്ട ജിഎച്ച്എസ്എസ്, മൈലപ്ര എസ്എച്ചഎച്ച്എസ് എസ് എന്നീ സ്കൂളുകളിലെ കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
കേഡറ്റുകളുമായി സംവദിച്ച അദ്ദേഹം അവര്‍ക്ക് എസ്പിസി ദിനാശംസകളും നേര്‍ന്നു. സ്കൂള്‍ സിപിഒമാരായ അനില അന്ന തോമസ്, തോമസ് മാത്യു, ഷാനി തോമസ്, ഡി. ഐ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.