ജിമ്മിലെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍
1580794
Sunday, August 3, 2025 3:59 AM IST
വെണ്ണിക്കുളം: പ്രാക്ടീസിനിടെ ലഹരി ഉപയോഗം വിലക്കിയതിന്റെ വിരോധത്തില്‍ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസില്‍ ഒരാളെ കോയിപ്രം പോലീസ് പിടികൂടി. കേസിലെ മൂന്നാം പ്രതി പുറമറ്റം പടുതോട് വാലാങ്കര മരുതൂര്‍ കാലായില്‍ എം. എ. സുധീറാണ് (45) പിടിയിലായത്. പുറമറ്റം വെണ്ണിക്കുളത്തുള്ള പെഗാസസ് ഫിറ്റ്നസ് സെന്റലാണ് യുവാവിനു് നേരേ ആക്രമണമുണ്ടായത്. തെള്ളിയൂര്‍ കോളഭാഗം വേലംപറമ്പില്‍ അലന് റോയിക്കാണ് (19) ക്രൂരമര്‍ദനമേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരം 6 30 നാണ് സംഭവം. ഏഴോളം പേര് ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ച് പരിക്കേല്പിച്ചത്.
സെന്ററില്‍ പ്രാക്ടീസിന് എത്തിയ ഷിജിന് ഷാന്‍ ഹാന്‍സ് ഉപയോഗിച്ചത് വിലക്കിയതിന്റെ വിരോധത്താലായിരുന്നു ആക്രമണവും ക്രൂര മര്‍ദനവും ഉണ്ടായതെന്ന് പറയുന്നു. പ്രകോപിതനായ ഷിജിന്, അലനെ ആക്രമിക്കുകയായിരുന്നു. ഒപ്പം ബിന്സണ് കെ.മാത്യു, സുധീര്‍ എന്നിവരും തന്നെ ആക്രമിച്ചതായി അലന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഷിജിനെ ഒന്നാം പ്രതിയാക്കിയാണ് കോയിപ്രം പോലീസ് കേസെടുത്തത്. നാലാമതൊരാളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൈകാലുകള്‍ക്കും തലയ്ക്കും അലന് പരിക്കേറ്റു. വിരലിനു പൊട്ടലുമുണ്ട്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോയിപ്രം പോലീസ്, ഇന്‍സ്പെക്ടര്‍ പി എം ലിപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു.
ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ബാര്‍,, ഹെല്‍മറ്റ്, ബെല്‍റ്റ് തുടങ്ങിയവ കണ്ടെടുത്തു. അറസ്റ്റിലായ സുധീര്‍ കോയിപ്രം സ്റ്റേഷനിലെ 17 കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കാപ്പ നടപടികള്‍ക്കും ഇയാള്‍ വിധേയനായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.