ക്രിമിനൽ കേസ് പ്രതിയെ നാടുകടത്തി
1580795
Sunday, August 3, 2025 3:59 AM IST
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരട്ട സഹോദരങ്ങളിൽ ഒരാളെ ആറുമാസത്തേക്ക് ജില്ലയിൽ നിന്നു പുറത്താക്കി. ചെന്നീർക്കര പ്രക്കാനം ആത്രപ്പാട് കുന്നുംപുറത്ത് വീട്ടിൽ മായാസെനെയാണ് (കണ്ണൻ, 34) തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവിനേത്തുടർന്ന് പുറത്താക്കിയത്.
കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം( കാപ്പ ) വകുപ്പ് 15(1) അനുസരിച്ചാണ് നടപടി. ഇയാളുടെ ഇരട്ട സഹോദരൻ ശേഷാസെൻ (വിഷ്ണു) നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ഒരു വർഷത്തെ കരുതൽ തടങ്കലിലാണ്. ഇരുവരും ചേർന്നും മറ്റു പ്രതികൾക്കൊപ്പവുമായി നിരവധി കേസുകളിൽ ഉൾപ്പെട്ടുവരുന്നതാണ്.
ഡിഐജിയുടെ ഉത്തരവ് ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ ടി. കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ നടപ്പിലാക്കി. ജില്ലാ പോലീസ് മേധാവിയുടെ ജൂൺ 13 ലെ ശിപാർശ പ്രകാരമാണ് ഉത്തരവുണ്ടായത്.
മായസെൻ 2019 മുതൽ പ്രതിയായ ഇലവുംതിട്ട സ്റ്റേഷനിലെ മൂന്നുകേസുകളാണ് ശിപാർശയിൽ ഉൾപ്പെടുത്തിയത്. കേസുകൾ നിലവിൽ കോടതിയിൽ വിചാരണയിലാണ്. സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്തുവന്ന ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് വേണ്ടി 2022 ഒക്ടോബറിൽ അന്നത്തെ ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇത് പ്രകാരം 2023 ജനുവരി 4 ന് കരുതൽ തടങ്കൽ ഉത്തരവാവുകയും ആറിന് നടപ്പിലാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. മൂന്നുവർഷത്തേക്ക് നല്ല നടപ്പ് ജാമ്യത്തിനായി ഇലവുംതിട്ട പോലീസ് ഈ വർഷം മാർച്ച് 31 ന് അടൂർ എസ്ഡിഎം കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നതും ഇത് കോടതിയിൽ പരിഗണനയിലുമാണ്.
ഉത്തരവ് നിലനിൽക്കേ മറ്റേതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ വകുപ്പ് 15(4) അനുസരിച്ച് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. കോടതികാര്യങ്ങളിലും, അടുത്ത ബന്ധുക്കളുടെ മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിലും ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയോടെ പങ്കെടുക്കാം.