നിമിഷമുദ്രാവാക്യങ്ങൾ സാഹിത്യ സൃഷ്ടികളെന്ന് സി.ടി. അരവിന്ദൻ
1580796
Sunday, August 3, 2025 3:59 AM IST
അടൂരിൽ ബോധിഗ്രാം പുസ്തകോത്സവം
അടൂർ: നിമിഷങ്ങൾകൊണ്ടുണ്ടാക്കി വിളിക്കുന്ന മുദ്രാവാക്യങ്ങൾ മഹത്തായ സാഹിത്യസൃഷ്ടികളെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ സി.ടി. അരവിന്ദൻ.അടൂരിൽ ബോധിഗ്രാം, രചന ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടുത്തയിടെ തനിക്കെതിരേ ഒരു വിദ്യാർഥി സംഘടന നടത്തിയ സമരത്തിന്റെ ഭാഗമായ മുദ്രാവാക്യങ്ങളുടെ താളാത്മകത ഏറെ കൗതുകവും അർഥതലവും ഉളവാക്കിയത് അരവിന്ദൻ ചൂണ്ടിക്കാട്ടി.
പുസ്തകപ്രേമി സംഘം പത്തനംതിട്ട ചാപ്ടർ,ഹോം ലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ.ജഗതി രാജ് നിർവഹിച്ചു. ഇരുപതിനായിരത്തിലധികം പുസ്തകശേഖരമുള്ള ഇ.കെ. മുരളി മോഹനെ ആദരിച്ചു.ബോധിഗ്രാം ചെയർപേഴ്സൺ ജെഎസ് അടൂർ അധ്യക്ഷത വഹിച്ചു.
രചന ഫൗണ്ടേഷൻ ചെയർപേഴ്സൺ കെ. ഭാസ്കരൻ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല രജിസ്ട്രാർ ഡോ. സുനിത ഗണേശ്, ജോർജ് പാലമിറ്റത്തിൻ, പി.വൈ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
അടുത്ത അഞ്ചു ദിവസങങളിലായി എന്റെ വായന, എഴുത്തുകൂട്ടം, വായനക്കൂട്ടം, വായിച്ച പുസ്തക കൈമാറ്റം തുടങ്ങി വിവിധ പരിപാടികൾ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.