മണ്ഡലകാലത്തിനു മുന്‍പ് മെഡി.കോളജ് സജ്ജമാകും
1584837
Tuesday, August 19, 2025 6:08 AM IST
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു കാലത്ത് ബേസ് ആശുപത്രിയെന്ന നിലയില്‍ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ പൂര്‍ണസജ്ജമാക്കും. ഇതിനു മുന്നോടിയായി മെഡിക്കല്‍ കോളജിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും സജ്ജമാക്കാനും 300 കിടക്കകളും ഉപയോഗപ്പെടുത്താനും നിര്‍ദേശം. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗങ്ങള്‍ നിലവില്‍ കോന്നി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്.
ശസ്ത്രക്രിയ വാര്‍ഡുകള്‍ സജ്ജമാകുന്നതോടെ ഐപി വിഭാഗത്തില്‍ രോഗികളുടെ എണ്ണം കൂടും. ശബരിമല തീര്‍ഥാടനകാലത്തു പ്രത്യേക വാര്‍ഡ് ഒരുക്കി തീര്‍ഥാടകര്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം.
ഡോക്ടർമാരെ നിയോഗിക്കും
മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്കി. വിവിധ സ്പെഷാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍നിന്നും നിയോഗിക്കും. മെഡിക്കല്‍ കോളജുകളില്‍നിന്നു വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരെയും ഫിസിഷ്യന്മാരെയും നിയോഗിക്കും.
ശബരിമല തീര്‍ഥാടനകാലത്തു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സാ സൗകര്യം ഉറപ്പാക്കും. കാത്ത് ലാബ് പ്രവര്‍ത്തനം ജനറല്‍ ആശുപത്രിയിലാകും.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റർ, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താത്കാലിക ഡിസ്പെന്സറിയുമുണ്ടാകും. മതിയായ ആംബുലന്‍സ് സൗകര്യങ്ങളും ക്രമീകരിക്കും. പുതിയ നിലയ്ക്കല്‍ ആശുപത്രി മണ്ഡലകാലത്തിന് മുമ്പ് നിര്‍മാണം തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ ആശുപത്രികളും സജ്ജമാക്കും
കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കാനും മന്ത്രി നിര്‍ദേശിച്ചു. അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി, ചെങ്ങന്നൂര്‍ തുടങ്ങി 15 പതിനഞ്ചോളം ആശുപത്രികളില്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കും.
ആയുഷ് മേഖലയുടെ സേവനവും ഉറപ്പാക്കും. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാ വെക്ടര്‍ കണ്ട്രോള് ടീമിനെ ചുമതലപ്പെടുത്തി. ആന്റി സ്നേക്ക് വെനം എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ നിയമനങ്ങള്‍ എത്രയും വേഗം നടത്തണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളില്‍ അധിക കിടക്കകള്‍ സജ്ജമാക്കും. അടൂർ, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒരു മെഡിക്കല്‍ സ്റ്റോറെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളറോടു നിര്‍ദേശിച്ചു.
ആക്ഷന്‍ പ്ലാന്‍ തയാറാക്കും
ശബരിമല തീര്‍ഥാടനകാലത്തേക്ക് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. നിലയ്ക്കലിലെ പുതിയ ആശുപത്രിയുടെ നിര്‍മാണവും മണ്ഡലകാലത്തിനു മുമ്പു തുടങ്ങും.
ആക്ഷന്‍ പ്ലാനനുസരിച്ച് ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലെയും മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ എമർജന്‍സി മെഡിക്കല്‍ സെന്ററുകള്‍ നേരത്തെ സജ്ജമാക്കും. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു പരിശോധന നടത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഭക്ഷ്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കുന്ന സംവിധാനമുള്‍പ്പെടെയുള്ള കനിവ് 108 ആംബുലന്‍സ് സേവനം ലഭ്യമാക്കണം. സന്നിധാനത്തുനിന്നു പമ്പയിലേക്കു പ്രത്യേക ആംബുലന്‍സ് സേവനം ലഭ്യമാക്കും.