കൊറ്റംകുടി പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു; നിര്‍മിച്ചിട്ട് ഒന്നരമാസം
1584835
Tuesday, August 19, 2025 6:08 AM IST
മല്ലപ്പള്ളി: മല്ലപ്പള്ളി - ചെറുകോല്‍പ്പുഴ റോഡിലെ കൊറ്റംകുടി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സംരക്ഷണ ഭിത്തി ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ന്നു. നിര്‍മാണം പൂര്‍ത്തീകരിച്ച് പാലം തുറന്നുകൊടുത്തിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ.
കൊറ്റംകുടിയിലെ പഴയ പാലം ശോച്യാവസ്ഥയിലായതോടെയാണ് പുതിയ പാലത്തിന് അനുമതി ലഭിച്ചത്. ബിഎം ബിസി നിലവാരത്തില്‍ റോഡ് പൂര്‍ത്തീകരിച്ചതിനു പിന്നാലെ പഴയ പാലങ്ങളും കലുങ്കുകളും പുതുക്കി നിര്‍മിക്കാന്‍ എസ്റ്റിമേറ്റെടുത്തിരുന്നു.
ഭാരവാഹനങ്ങളും യാത്രാബസുകളും കടന്നുപോകുന്ന പാതയിലെ കലുങ്കുകളും പാലങ്ങളും ബലക്ഷയം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായി. കൊറ്റംകുടിയില് പാലം നിര്‍മാണം നടക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നതായി പറയുന്നു.
കൊറ്റംകുടിയില് ജനകീയ പ്രതിഷേധ സദസ്
കൊറ്റംകുടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിക്കുണ്ടായ തകര്‍ച്ചയെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് കേരള കോണ്‍ഗ്രസ് മണ്ഡലം യോഗം ആവശ്യപ്പെട്ടു. കൊറ്റംകുടിയില് ഇന്നലെ ജനകീയ പ്രതിഷേധ സദസും നടന്നു.
കേരള കോണ്‍ഗ്രസ് സീനിയര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോള്‍ ഉദ്ഘാടനം ചെയ്തു. ടി.എസ്. ചന്ദ്രശേഖരന് നായരുടെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതി അംഗം ജോണ്സണ് കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോള്‍, ലൈല അലക്സാണ്ടർ, സജി ഡേവിഡ്, അനില്‍ കയ്യാലാത്ത്, സാബു കളര്‍ മണ്ണിൽ, രാജന് എണാട്ട്, ജോണ്സണ് ജേക്കബ്, സി. വിജയൻ, കുര്യന് കോരുത്, ജോസ് തോമസ്, എം.കെ. ചെറിയാൻ, സജി വേങ്ങഴ , അനീഷ്.ടി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.