സർവകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ ശ്രമം: ഡോ.കെ.എൻ. ഗണേശ്
1585076
Wednesday, August 20, 2025 3:44 AM IST
പത്തനംതിട്ട: സർവകലാശാലകളെ കൈപ്പിടിയിൽ ഒതുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഢനീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ ഡോ.കെ.എൻ. ഗണേശ്. കേരള വിദ്യാഭ്യാസ സമിതിയുടെ പത്തനംതിട്ട ജില്ലാ സമിതി രൂപീകരണവും ജില്ലാ കൺവൻഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കരിക്കുലം സിലബസ് പരിഷ്കരണങ്ങളിലൂടെ വർഗീയ, മതരാഷ്ട്ര അജണ്ടകൾ നടപ്പിൽ വരുത്തുന്നതിനു വേണ്ടിയാണ് സർവകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതെന്ന് ഗണേശ് അഭിപ്രായപ്പെട്ടു.
സർവകലാശാലകളുടെ സ്വയംഭരണം തകർക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ ഉയരുന്ന ചർച്ചകൾ ഇല്ലാതാക്കുക എന്ന ഗൂഢമായ താത്പര്യവും ഇതിനു പിന്നിലുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എറണാകുളം മഹാരാജാസ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. സന്തോഷ് ടി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ സമിതി ചെയർ പേഴ്സണായി പ്രഫ. കെ.എസ്. ശ്രീകലയെയും ജനറൽ കൺവീനറായി റെയ്സൺ സാം രാജുവിനെയും, ട്രഷററായി ദീപ വിശ്വനാഥിനെയും തെരഞ്ഞെടുത്തു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രഫ.കെ.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. എകെപിസിടിഎ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു, എംജി സിൻഡിക്കേറ്റംഗം പി.ബി. സതീഷ്കുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. നിസാം എന്നിവർ പ്രസംഗിച്ചു.