ആറന്മുള ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇ കാണിക്ക
1585255
Thursday, August 21, 2025 3:56 AM IST
ആറന്മുള: സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്ന സമ്പൂർണ ഡിജിറ്റൽ സൊല്യൂഷൻസിന്റെ ഭാഗമായ ഇ കാണിക്കയും ഓൺലൈൻ സംവിധാനങ്ങളും പള്ളിയോട സേവാ സംഘത്തിനു കൈമാറി. പള്ളിയോട സേവാസംഘത്തിന്റെ പണമിടപാടുകൾ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡിജിറ്റൽവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ നൽകുന്ന സേവനമാണിത്.
ആറന്മുള വള്ളസദ്യയുടെ ഓൺലൈൻ ബുക്കിംഗും പണമടയ്ക്കാനുള്ള സൗകര്യവും ഇപ്പോൾ ഭക്തർക്ക് ലഭ്യമാണ്. അതിനൊപ്പം ആറന്മുള ക്ഷേത്ര പരിസരത്ത് പള്ളിയോട സേവസംഘം ഓഫീസിനോടു ചേർന്നു ഭക്തജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ബയോ ടോയ്ലറ്റുകൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായി നിർമിച്ചുനൽകിയിട്ടുണ്ട്.
അന്നദാനത്തിനുള്ള സംഭാവന സമർപ്പിക്കുന്നവരുടെ പേരുവിവരങ്ങളും തുകയും മറ്റും കൃത്യമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തി പണം അടയ്ക്കാനും കഴിയും.
എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യു ആർ കോഡ് സ്കാൻ ചെയ്തു പണം അടയ്ക്കാനും സാധിക്കും. എസ്ഐബി ഡിജിറ്റൽ സൊലൂഷൻസ് വഴി തിരക്ക് കുറയ്ക്കാനും ഭക്തർക്ക് ബുദ്ധിമുട്ടില്ലാതെ അവരുടെ കാര്യങ്ങൾ നടത്താനും ഡിജിറ്റൽ സേവനങ്ങൾക്കൊണ്ടു സാധിക്കും.
ഡെപ്യൂട്ടി കളക്ടർ ആർ. രാജലക്ഷ്മി, പള്ളിയോട സേവ സംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ജോയിന്റ് ജനറൽ മാനേജർ എം. മധു, തിരുവല്ല റീജണൽ മേധാവി രമ്യ കൃഷ്ണ, ബ്രാഞ്ച് മാനേജർ വിപിൻ ജോസഫ്, ക്ലസ്റ്റർ ഹെഡ് അജീഷ് കെ.ചന്ദ്രൻ, റീജിയണൽ ബിസിനസ് മാനേജർ വി. വിശ്വരാജ്, ഡിജിറ്റൽ ബാങ്കിംഗ് എജിഎം എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.