കോഴഞ്ചേരിക്കാരുടെ സ്വന്തം ബസിന് ചിങ്ങപ്പുലരിയില്‍ റിക്കാര്‍ഡ് വരുമാനം
1585075
Wednesday, August 20, 2025 3:44 AM IST
കോഴഞ്ചേരി: മലയാളത്തിന്റെ പുതുവര്ഷപ്പുലരിയില് കോഴഞ്ചേരിയില്‍നിന്നു പുറപ്പെട്ട തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന് റിക്കാര്‍ഡ് കളക്ഷന്‍. 40,000 രൂപയാണ് ബസിന്റെ ആ ദിവസത്തെ വരുമാനം. കോഴഞ്ചേരി സ്റ്റേ ബസിനു ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്.
കൊല്ലം ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന കോഴഞ്ചേരി ബസ് 1967 മുതല്‍ ഓടുന്നതാണ്. പുലര്‍ച്ചെ അഞ്ചിന് കോഴഞ്ചേരിയില്‍നിന്നു പുറപ്പെടുന്ന ബസ് രാവിലെ 8.15ന് തിരുവനന്തപുരത്തെത്തും. രാവിലെ തിരുവനന്തപുരത്തെത്തേണ്ടവര്ക്ക് ആശ്രയിക്കാവുന്ന ബസ് കൃത്യമായി കെഎസ്ആര്‍ടിസി ഓടിക്കുന്നുമുണ്ട്. വൈകുന്നേരം 5.05നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് രാത്രി 8.15ന് കോഴഞ്ചേരിയില്‍ എത്തും.
കെഎസ്ആര്‍ടിസിയുടെ ട്രാവല്‍കാര്‍ഡ് ഉപയോഗിച്ച് ഇതില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. എന്‍. അനില്‍, എസ്. അനില്‍ എന്നിവരായിരുന്നു കഴിഞ്ഞ ഞായറാഴ്ച റിക്കാര്‍ഡ് കളക്ഷന്‍ നേടിക്കൊടുത്ത ബസിലെ ഡ്രൈവറും കണ്ടക്ടറും. ബസിലെ സ്ഥിരയാത്രക്കാര്‍ വാട്സ്ആപ് കൂട്ടായ്മ അടക്കം രൂപീകരിച്ചാണ് ബസിനെ ജനകീയമാക്കിയിരിക്കുന്നത്.
ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റവും കോഴഞ്ചേരി മുതല്‍ ഓമല്ലൂര്‍ ഇലന്തൂര്‍, പ്രക്കാനം വഴിയുള്ള റോഡില്‍ യാത്രക്കാര്‍ എവിടെ കൈ കാണിച്ചാലും ബസ് നിര്‍ത്തുകയും, തിരികെ രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തുതന്നെ ബസ് നിര്‍ത്തുന്നതും ഈ സര്‍വീസിനെ കൂടുതല്‍ ജനകീയമാക്കുന്നു.