പന്തളം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി
1585072
Wednesday, August 20, 2025 3:44 AM IST
പന്തളം: ക്ഷീരകര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമായ മൊബെല്‍ വെറ്ററിനറി ക്ലിനിക് പന്തളം ബ്ലോക്കില്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. പന്തളം ബ്ലോക്ക് ക്ഷീരസംഗമം പൊതുസമ്മേളനം കുരമ്പാല പെരുമ്പാലൂര്‍ ദേവിക്ഷേത്രം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പന്തളം ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ക്ഷീരസംഗമത്തില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷീരകര്‍ഷകയായ അന്നമ്മ തയ്യിലേത്ത് മലയിനേയും തോലുഴം ക്ഷീരസംഘത്തെയും ആദരിച്ചു.
ക്ഷീരസംഗമത്തോടനുബന്ധിച്ചുനടന്ന ക്ഷീരവികസന സെമിനാര്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എം. മധു ഉദ്ഘാടനം ചെയ്തു. ഡോ.എം.എസ്. സുബിൻ, ആർ. സുജിത എന്നിവർ ക്ലാസുകൾ നയിച്ചു.
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ് മോന്, പന്തളം നഗരസഭ ചെയര്മാന് അച്ചന്‍കുഞ്ഞ് ജോണ്‍, കുരമ്പാല ക്ഷീരസംഘം പ്രസിഡന്റ് ടി.സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.