മണ്ണറിവുമായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്
1585077
Wednesday, August 20, 2025 3:44 AM IST
ഇരവിപേരൂർ: വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്താന്‍ 'മണ്ണറിവു'മായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. കൃഷിയില്‍ താത്പര്യം വളര്‍ത്തുക, കാര്‍ഷിക സംസ്കാരം ഉണര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മണ്ണറിവ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ഫാം ക്ലബ് രൂപീകരിക്കും. ക്ലബംഗങ്ങളെ ഉള്‍പ്പെടുത്തി കൃഷിയിടങ്ങളിലേയ്ക്ക് പഠനയാത്ര നടത്തും.
2025-26 ജനകീയാസൂത്രണ പദ്ധതിയായ പോഷകത്തോട്ടം പ്രകാരം പഞ്ചായത്തിലെ ഒമ്പത് സ്കൂളുകളില്‍ ഗ്രോബാഗ് പച്ചക്കറി തൈ, പൂവാളി, കളമാന്തി, ജൈവ വളം, മത്തിക്കഷായം, ജൈവകീടനാശിനി, മുരിങ്ങ, അഗതി തൈ എന്നിവയടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള പറഞ്ഞു.
കൃഷിവകുപ്പിന്റെ സമ്പൂര്‍ണ പച്ചക്കറി യജ്ഞം പദ്ധതിയുടെ ഭാഗമായി സ്ഥാപനകൃഷിക്കായി ഓതറ ഡിവിഎന്‍എസ്എസ് ഹൈസ്കൂളിന് 50000 രൂപയും കൃഷിവകുപ്പിന്റെ സ്കൂളിലെ പോഷകത്തോട്ടം പദ്ധതിയില്‍ കോഴിമല സെന്റ് മേരീസ് യുപിഎസിന് 30000 രൂപയും ധനസഹായം നല്‍കും. പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.