കോഴഞ്ചേരി കേന്ദ്രമാക്കി താലൂക്ക് രൂപീകരിക്കണം: വികസന സെമിനാർ
1584834
Tuesday, August 19, 2025 6:08 AM IST
കോഴഞ്ചേരി: കോഴഞ്ചേരി കേന്ദ്രീകരിച്ച് ഒരു പുതിയ താലൂക്കും ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി റിംഗ് റോഡും അടിയന്തരമായി ഉണ്ടാകണമെന്ന് മല്ലപ്പുഴശേരി ഗ്രാമവികസന സമിതി വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വികസന സെമിനാർ ആവശ്യപ്പെട്ടു. കോഴഞ്ചേരിക്ക് ചുറ്റുമുള്ള പഞ്ചായത്തുകൾ ചേർത്ത് പുതിയ താലൂക്ക് രൂപീകരിക്കണമെന്നാണ് സെമിനാറിലെ പ്രധാന ആവശ്യം.
കേന്ദ്ര, സംസ്ഥാന ബന്ധങ്ങൾ കൂടുതൽ സജീവമാക്കുക, കോഴഞ്ചേരി താലൂക്കിലെ ടൂറിസം പദ്ധതികൾ വികസിപ്പിക്കുക, മാലിന്യ സംസ്കരണ സംവിധാനം കുറ്റമറ്റതാക്കുക എന്നിവ കോഴഞ്ചേരിയുടെയും സമീപപ്രദേശങ്ങളുടെയും വികസനത്തിന് അനിവാര്യമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരൻ അഭിപ്രായപ്പെട്ടു.
കോഴഞ്ചേരിക്ക് ചുറ്റുമുള്ള പഞ്ചായത്തുകളെ ഏകോപിപ്പിച്ച് ഒരു താലൂക്ക് രൂപീകരിക്കുന്നതിലൂടെ മാത്രമേ സമഗ്രമായ വികസനം സാധ്യമാകൂവെന്ന് കെപിസിസി സെക്രട്ടറി അനിഷ് വരിക്കണ്ണാമല ചൂണ്ടിക്കാട്ടി.
മല്ലപ്പുഴശേരി ഗ്രാമവികസന മിതി പ്രസിഡന്റ് ഡോ. മാത്യു കോശി പുന്നയ്ക്കാട് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് വികസന പദ്ധതികൾ വിശദീകരിച്ചു. അശോകൻ കുളനട, മാത്യൂസ് ജോർജ്, ശശികുമാർ തുരുത്തിയിൽ, വർഗീസ് കോശി മേലേക്കൂറ്റ്, വിൽസൺ പാറടിയിൽ, മോൻസി കുഴിക്കാല, വർഗീസ് ജോർജ്, ഡോ. ഡാർലി മാത്യു, ജേക്കബ് ശമുവേൽ, ഏലിയാമ്മ കുരുവിള എന്നിവർ പ്രസംഗിച്ചു.