ജലമിത്ര ഭാവിയിലേക്കുള്ള കരുതല്‍: മന്ത്രി റോഷി അഗസ്റ്റിന്
1585070
Wednesday, August 20, 2025 3:44 AM IST
റാന്നി: റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതി 'ജലമിത്ര' ഭാവിയിലേക്കുള്ള കരുതലെന്ന് മന്ത്രി റോഷി അഗസ്റ്റിന്. തപോവന്‍ അരമനയിലെ കലമണ്ണില്‍ ഉമ്മനച്ചന്‍ മെമ്മോറിയല്‍ ഹാളില്‍ ജലമിത്ര പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 18 വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജലമിത്ര പദ്ധതി മികച്ച സന്ദേശം നല്‍കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കുഴല്‍ക്കിണറുകൾ, ആര്‍ട്ടിഫിഷല്‍ റീചാര്‍ജിംഗ്, കിണര്‍ സംരക്ഷണ പദ്ധതി തുടങ്ങി നിരവധി പ്രവര്‍ത്തനം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പദ്ധതിയുടെ ലോഗോ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയില്‍ നിന്നും ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ എസ്. ആദില, ഭൂവിനിയോഗ കമ്മീഷണര്‍ യാസ്മിന് എല്‍. റഷീദ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.