നിർമാണത്തിലിരുന്ന വീടിനു നാശംവരുത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
1585242
Thursday, August 21, 2025 3:42 AM IST
പത്തനംതിട്ട: വലഞ്ചുഴിക്കാവ് ജംഗ്ഷനിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെ ഇലക്ട്രിക്, പ്ലംബിംഗ് ഉപകരണങ്ങൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്ത കൗമാരക്കാർ ഉൾപ്പെട്ട സംഘത്തിലെ ഒരാളെക്കൂടി പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മേലേ വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ മേലേമഠത്തിൽ ആർ. ജൂബി (19) യാണ് പിടിയിലായത്. കേസിൽ അഞ്ചാം പ്രതിയായ ഇയാളെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് ഇന്നല ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്.
വീട്ടിൽനിന്നു മോഷ്ടിച്ച സാധനങ്ങളിൽ ചിലത് ആനപ്പാറയിലെ ആക്രിക്കടയിൽ വിറ്റതായും, കിട്ടിയ പണം മദ്യപിക്കാൻ ചെലവാക്കിയതായും യുവാവ് പോലീസിനോടു സമ്മതിച്ചു.
സംഭവത്തിൽ മൂന്നു കൗമാരക്കാർ ഉൾപ്പെടെ ആറു പേരെ പത്തനംതിട്ട പോലീസ് ആദ്യംതന്നെ പിടികൂടിയിരുന്നു. പത്തനംതിട്ട, വലഞ്ചൂഴി കിഴക്കേടത്ത് ലക്ഷംവീട്ടിൽ അനു (20), ആദിത്യൻ(20), വലഞ്ചുഴി കാരുവേലിൽ സൂര്യദേവ് (18), പ്രായപൂർത്തിയാകാത്ത മൂന്നു പേർ എന്നിങ്ങനെ ആറു പേരാണ് ആദ്യം പിടിയിലായത്. പിന്നീട് നാലാം പ്രതി വലഞ്ചുഴി അശ്വിൻ നിവാസിൽ അശ്വിൻ കുമാർ (21) പിടിയിലായി.
കുമ്പഴ പുതുപ്പറമ്പിൽ അവിജിത്ത് ജെ.പിള്ളയുടെ വലഞ്ചുഴിക്കാവ് ജംഗ്ഷനിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഘത്തിന്റെ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം ഉണ്ടായത്. ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, മൂന്ന് എസികൾ, വാക്വം ക്ളീനർ, പ്രഷർ വാട്ടർ പമ്പ് തുടങ്ങിയവ നശിപ്പിച്ചു. ഇവയുടെ ഇലക്ട്രിക് വയറുകൾ വീടിനകത്ത് കൂട്ടിയിട്ടു കത്തിച്ചു. ശുചിമുറിയിലെ ഫിറ്റിംഗുകളും തകർത്തു.
നിരവധി സാധനങ്ങൾ അടിച്ചുനശിപ്പിച്ച ശേഷം കൂട്ടിയിട്ട് കത്തിച്ച്, ആയതിന്റെയെല്ലാം ചെമ്പുകമ്പികൾ എടുക്കുകയും, അടുക്കള ഉപകരണങ്ങൾ, വാക്വം ക്ലീനർ ഉൾപ്പെടെയുള്ള സാനങ്ങൾ തകർത്ത് അവയുടെ ഇലക്ട്രിക് ഭാഗങ്ങൾ മോഷ്ടിക്കുകയും ചെയ്തു. പത്തനംതിട്ട ഡിവൈഎസ്പി എസ്. ന്യൂമാന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്പെക്ടർ കെ. സുനുമോന്റെ നേതൃത്വത്തിലുമാണ് അന്വേഷണം നടക്കുന്നത്.