ഭൂ ഉടമയ്ക്കു പണം നൽകിയില്ല; കെഎസ്ആർടിസി കെട്ടിടം പോയി
1585079
Wednesday, August 20, 2025 3:58 AM IST
ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിക്കെന്നു ഹൈക്കോടതി
കോന്നി: ഏറ്റെടുത്ത സ്ഥലത്തിന്റെ വില നൽകുന്നതിൽ വീഴ്ച ഉണ്ടായതിനെത്തുടർന്നുള്ള ഹൈക്കോടതി ഉത്തരവിനു പിന്നാലെ കോന്നി കെഎസ്ആർടിസി ഡിപ്പോയുടെ ഒരു ഭാഗം ഉടമയ്ക്കു തിരികെ നൽകി. കോന്നി സെൻട്രൽ ജംഗ്ഷനിൽ കെഎസ്ആർടിസി ഡിപ്പോയുടെ ഭാഗമായി നിർമിച്ച കെട്ടിടത്തിലെ പ്രധാന ഭാഗമാണ് സ്വകാര്യ വ്യക്തിക്കു ലഭിച്ചത്. കോന്നി ചേരിയിൽ വീട്ടിൽ രവി നായർക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ ലഭിച്ചത്.
വച്ചുതാമസിപ്പിച്ചു
2011ൽ, കെഎസ്ആർടിസി സബ് ഡിപ്പോ നിർമാണത്തിനായി പാടശേഖരമായിരുന്ന സ്വകാര്യ ഭൂമി ഏറ്റെടുത്തിരുന്നു. വിവിധ സ്വകാര്യ വ്യക്തികളിൽനിന്നായി ഏകദേശം മൂന്ന് ഏക്കറോളം ഭൂമിയായിരുന്നു ഏറ്റെടുത്തത്. 2013ൽ ഉമ്മൻ ചാണ്ടി സർക്കാർ ഈ പാടശേഖരം കരഭൂമിയായി മാറ്റുകയും ചെയ്തു.
അതേസമയം, സർവേനമ്പർ 2073/10-ൽപെട്ട രവി നായരുടെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ച നടപടികൾ ഒന്നും പൂർത്തിയാക്കാതെ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും മുന്നോട്ടു പോകുകയായിരുന്നു.
ഭൂമിയുടെ വില നിശ്ചയമോ ആധാര രേഖകളോ തയാറാക്കാതെ അധികൃതർ മുന്നോട്ടുപോയതുതന്നെ പിന്നീട് തർക്കങ്ങൾക്കു വഴിയൊരുക്കി. രവി നായർ പലവട്ടം ഉദ്യോഗസ്ഥതലത്തിൽ പരാതി നൽകിയെങ്കിലും നടപടികളുണ്ടായില്ല.
2016ൽ ലാൻഡ് ട്രിബ്യൂണലിൽ പരാതി നൽകിയെങ്കിലും അവരും കാര്യമായി ഇടപെടാതെ ഒഴിഞ്ഞുമാറി. 2017ൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് മൂന്നു മാസത്തിനകം നടപടി പൂർത്തിയാക്കണമെന്നു നിർദേശം നൽകിയതോടെ സ്ഥിതിഗതികൾക്കു മാറ്റമുണ്ടായി.
18 ലക്ഷം കെട്ടിവയ്ക്കാം
ഇതിനിടെ, ഭൂമിക്കു പകരമായി ലാൻഡ് ട്രൈബ്യൂണലിൽ 18 ലക്ഷം രൂപ കെട്ടിവയ്ക്കാൻ പഞ്ചായത്ത് തയാറായെങ്കിലും രവി നായർ ഇതിന് അനുകൂലമായിരുന്നില്ല. 2024 മുതൽ റവന്യു വകുപ്പ് ഇതേ ഭൂമിയുടെ കരം സ്വീകരിക്കാൻ വിസമ്മതിച്ചു. ഭൂമിക്കു കെഎസ്ആർടിസി ഉടമസ്ഥാവകാശം ഉന്നയിച്ചതായും അധികൃതരുടെ വിശദീകരണം വന്നു. തുടർന്നു രവി നായർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
2025 ജൂൺ 19നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കരം വീണ്ടും സ്വീകരിച്ചു. ഭൂമി അളന്നു ചുറ്റുമതിൽ അടക്കം നിർമിച്ച് തിരികെ നൽകാനും ഹൈക്കോടതി നിർദേശിച്ചു. നിലവിൽ കെഎസ്ആർടിസി ഓഫീസ് സമുച്ചയം നിലനിൽക്കുന്ന പ്രധാന ഭാഗമാണ് രവി നായർക്കു തിരികെ ലഭിച്ചത്.
ഭൂമിയെ സർക്കാർ ആവശ്യമെന്ന നിലയിൽ നിലനിർത്തണമെങ്കിൽ, അഞ്ചു കിലോമീറ്റർ ചുറ്റളവിലെ വിപണിവിലയ്ക്ക് അനുയോജ്യമായ തുക നൽകണമെന്നു കോടതി ഉത്തരവിൽ പറയുന്നു.